നുഴഞ്ഞുകയറ്റം: അതിർത്തിയിൽ 11 ബംഗ്ലദേശുകാർ പിടിയിൽ
Mail This Article
ന്യൂഡൽഹി / ധാക്ക ∙ ബംഗാൾ, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ രാജ്യാന്തര അതിർത്തിയിലൂടെ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച 11 ബംഗ്ലദേശുകാരെ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) പിടികൂടി. അതിർത്തിലംഘനം തടയാൻ ബംഗ്ലദേശ് അതിർത്തിസേനയുമായി നിരന്തര ആശയവിനിമയം നടത്തിവരുന്നതായും ബിഎസ്എഫ് വക്താവ് അറിയിച്ചു. 4096 കിലോമീറ്റർ ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയാണു ബിഎസ്എഫ് കാവലിലുളളത്.
ബംഗ്ലദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സയ്യിദ് റെഫാത് അഹ്മദ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. വിദ്യാർഥികളുടെ പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ഉബൈദുൽ ഹസൻ രാജിവച്ച ഒഴിവിലാണിത്. വ്യാജവാർത്തകളോ തെറ്റായ വിവരങ്ങളോ പ്രസിദ്ധീകരിച്ചാൽ മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കുമെന്നു ബംഗ്ലദേശ് ഇടക്കാല സർക്കാർ മുന്നറിയിപ്പു നൽകി. വിദ്യാർഥിപ്രക്ഷോഭകാലത്ത് ഇന്റർനെറ്റ് വിലക്കിനു പിന്നിൽനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നു ഇടക്കാല സർക്കാരിലെ അംഗമായ വിദ്യാർഥി നേതാവ് നഹിദ് ഇസ്‌ലാം പറഞ്ഞു.