സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കേജ്‌രിവാൾ സുപ്രീം കോടതിയിൽ
Mail This Article
ന്യൂഡൽഹി ∙ മദ്യനയക്കേസിലെ സിബിഐ അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണിത്. വിചാരണക്കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. മദ്യനയത്തിൽ അഴിമതി ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും സിബിഐ അറസ്റ്റ് ചെയ്തതിനാൽ കേജ്‌രിവാളിനു ജയിൽമോചിതനാകാൻ കഴിഞ്ഞിട്ടില്ല.
അതേസമയം ഈ കേസിൽ ബിആർഎസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ഇ.ഡിയുടെയും സിബിഐയുടെയും മറുപടി തേടി. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ചതുൾപ്പെടെ കവിതയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, അപകീർത്തിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരേയുള്ള വിചാരണ നടപടികളുടെ ഇടക്കാല സ്റ്റേ ആറാഴ്ചത്തേക്കു കൂടി സുപ്രീം കോടതി നീട്ടി. കേസിൽ ഹാജരാകണമെന്ന ഡൽഹി ഹൈക്കോടതി നിർദേശത്തിനെതിരെയാണു കേജ്‌രിവാൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
യൂ ട്യൂബർ ധ്രുവ് റാഠിയുടെ വിവാദ വിഡിയോ പങ്കുവച്ചതിൽ തനിക്കു തെറ്റു പറ്റിയെന്നു കേസിൽ കേജ്‌രിവാൾ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, കേജ്‌രിവാൾ പൊതുവേദിയിൽ മാപ്പപേക്ഷ നടത്തണമെന്ന് പരാതിക്കാരുടെ ആവശ്യം.