ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക സമരത്തിന് ഡോക്ടർമാർ
Mail This Article
ന്യൂഡൽഹി/കൊൽക്കത്ത ∙ ആർജികാർ ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ഡോക്ടർമാരുടെ പ്രതിഷേധം രാജ്യമെങ്ങും പടരുന്നു. ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്റെ ആഹ്വാനപ്രകാരം അനിശ്ചിതകാല പണിമുടക്കിന് ഇന്നലെ സർക്കാർ ഡോക്ടർമാർ തുടക്കമിട്ടു. ഡൽഹി എയിംസിൽ ഉൾപ്പെടെ അടിയന്തര സേവനവിഭാഗങ്ങൾ മാത്രമേ പ്രവർത്തിച്ചുള്ളൂ. മഹാരാഷ്ട്ര റസിഡന്റ് ഡോക്ടർമാരുടെ സംഘടന ഇന്നുമുതൽ പണിമുടക്ക് പ്രഖ്യാപിച്ചു.
-
Also Read
ജില്ല തോറും ‘മാതൃകാ സൗരഗ്രാമം’
അതേസമയം, ദേശീയ വനിതാ കമ്മിഷൻ കൊൽക്കത്തയിലെത്തി കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബാംഗങ്ങളെയും അന്വേഷണ ഉദ്യോഗസ്ഥരെയും കണ്ടു. 7 ദിവസത്തിനുള്ളിൽ കേസന്വേഷണം പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി മമത ബാനർജി പൊലീസിന് അന്ത്യശാസനം നൽകി. അടുത്ത ഞായറാഴ്ച വരെയാണു സമയം. അല്ലെങ്കിൽ കേസ് സിബിഐയ്ക്കു കൈമാറുമെന്നും മമത പറഞ്ഞു. ഞായറാഴ്ചവരെ കാത്തിരിക്കാനാവില്ലെന്നു വ്യക്തമാക്കിയ ജൂനിയർ ഡോക്ടർമാരുടെ സംഘടനകൾ കേസ് ഉടൻ സിബിഐയ്ക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു.
ജുഡീഷ്യൽ അന്വേഷണം, പ്രതിക്ക് വധശിക്ഷ, ഇരയുടെ കുടുംബത്തിനു അർഹമായ നഷ്ടപരിഹാരം, ആശുപത്രികളിൽ ശക്തമായ സുരക്ഷയൊരുക്കൽ എന്നീ ആവശ്യങ്ങൾ വിവിധ സംഘടനകൾ മുന്നോട്ടുവച്ചു. ഇരയുടെ ബന്ധുക്കളെ സന്ദർശിച്ച മമത ബാനർജി പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നു വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് ജൂനിയർ ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. പുലർച്ചെ മൂന്നിനും ആറിനുമിടയിൽ നടന്ന കൊലപാതകത്തിൽ ആശുപത്രിക്കു പുറത്തുനിന്നു സന്നദ്ധപ്രവർത്തകനെന്ന വ്യാജേന എത്തിയിരുന്നയാളെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലാണു പ്രതി.