കർഷക മാർച്ച് വീണ്ടും: സ്വാതന്ത്ര്യദിനം മുതൽ സമരം ശക്തമാക്കും
Mail This Article
ന്യൂഡൽഹി ∙ കർഷക സമരം വീണ്ടും ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യ ദിനമായ നാളെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ട്രാക്ടർ മാർച്ച് നടത്താൻ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി തീരുമാനിച്ചു. പഞ്ചാബിൽ അട്ടാരിയിൽനിന്ന് അമൃത്‌സറിലെ ഗോൾഡൻ ഗേറ്റ് വരെയാകും പ്രധാന മാർച്ച് നടക്കുക.
പഞ്ചാബ്–ഹരിയാന അതിർത്തിയിലെ ശംഭുവിലേക്കു മാർച്ച് നടത്താൻ സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതരം) തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 15നു ഹരിയാനയിൽ ദേശീയ തലത്തിലുള്ള കിസാൻ മഹാപഞ്ചായത്ത് നടത്താനും രാജ്യത്തെ വിവിധ സ്ഥലങ്ങളിൽനിന്നു ലക്ഷക്കണക്കിനു കർഷകരെ ഇതിൽ ഭാഗമാക്കാനും തീരുമാനിച്ചു.
നേരത്തേ കർഷകരുടെ നേതൃത്വത്തിൽ പഞ്ചാബിൽ നിന്നാരംഭിച്ച ട്രാക്ടർ റാലി പഞ്ചാബ്–ഹരിയാന അതിർത്തികളിൽ തടഞ്ഞിരുന്നു. ഇതു സംഘർഷാവസ്ഥയ്ക്കു കാരണമാകുകയും അക്രമങ്ങളിൽ ഏതാനും പേർ കൊല്ലപ്പെടുകയും ചെയ്തു. പൊലീസ് ഉപരോധം തീർത്തതോടെയാണു കർഷകർക്കു ഡൽഹിയിലേക്കു കടക്കാൻ സാധിക്കാതെ വന്നത്. ശംഭുവിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനു ചർച്ച നടത്താൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.