പിജി ഡോക്ടറുടെ കൊലപാതകം: അന്വേഷണം സിബിഐക്ക് വിട്ടു
Mail This Article
കൊൽക്കത്ത ∙ ആർജി കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ് കൽക്കട്ട ഹൈക്കോടതി സിബിഐക്കു കൈമാറി. കേസ് ഡയറി ഇന്നലെ വൈകിട്ടോടെ സിബിഐക്ക് കൈമാറാൻ നിർദേശിച്ച കോടതി, എല്ലാ രേഖകളും ഇന്നു രാവിലെ 10 മണിയോടെ നൽകണമെന്നും ആവശ്യപ്പെട്ടു. ഈ കേസിൽ ഇനി സമയം നഷ്ടപ്പെടുത്താൻ സാധിക്കില്ലെന്നു വ്യക്തമാക്കിയാണു നടപടി. കേസ് ഇന്നലെ സിബിഐ ഏറ്റെടുത്തു.
രാജിവച്ച കോളജ് പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനോട് അവധിയിൽ പോകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണം സിബിഐക്കു വിട്ട സാഹചര്യത്തിൽ മെഡിക്കൽ വിദ്യാർഥികളും ജൂനിയർ ഡോക്ടർമാരും സമരത്തിൽനിന്നു പിന്മാറണമെന്നു കോടതി അഭ്യർഥിച്ചു. എന്നാൽ, എല്ലാ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരം തുടരുമെന്നു ഡോക്ടർമാരുടെ സംഘടന അറിയിച്ചു.
പൊലീസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സിവിക് വൊളന്റിയർ സഞ്ജയ് റോയി എന്നയാളാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നു വ്യക്തമായിട്ടില്ല. വേണ്ട ഗൗരവത്തോടെയല്ല മെഡിക്കൽ കോളജ് അധികൃതർ കേസിനെ കണ്ടതെന്നും സംഭവം ഒളിപ്പിച്ചുവയ്ക്കാൻ ശ്രമമുണ്ടായെന്നും ഡോക്ടറുടെ കുടുംബം ആരോപിച്ചു.
മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ അതിക്രൂരമായിട്ടാണ് 31 കാരിയായ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ലു പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ബംഗാളിലെ മെഡിക്കൽ കോളജുകളിൽ ഇന്നലെയും ശക്തമായ പ്രതിഷേധം തുടർന്നു. കൊൽക്കത്തയിൽ വൻ പ്രതിഷേധറാലിയും നടന്നു. ജൂനിയർ ഡോക്ടർമാർ 2 ദിവസമായി സമരത്തിലാണ്.
സംഭവത്തെത്തുടർന്നു പ്രിൻസിപ്പൽ പദവിയിൽനിന്നു രാജിവച്ച ഡോ. സന്ദീപ് ഘോഷിനെ മണിക്കൂറുകൾക്കകം കൽക്കട്ട നാഷനൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലായി സർക്കാർ നിയമിച്ചതിനെതിരെ പ്രതിഷേധം അണപൊട്ടി. പ്രിൻസിപ്പലിന്റെ മുറി പൂട്ടി ധർണയിരുന്ന വിദ്യാർഥികൾ അദ്ദേഹത്തെ ചുമതലയേൽക്കാൻ അനുവദിച്ചില്ല.