ADVERTISEMENT

കൊൽക്കത്ത ∙ ആർ.ജി.കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഒന്നിലേറെ പ്രതികളുണ്ടോയെന്ന സംശയം ബലപ്പെടുന്നു. ശരീരത്തിൽ കണ്ടെത്തിയ ബീജത്തിന്റെ അളവ് സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ള വിവരങ്ങളാണ് സംശയത്തിനു കാരണം. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ ഇക്കാര്യം ഹൈക്കോടതിയിൽ അറിയിച്ചു. 

അറസ്റ്റിലായ സഞ്ജയ് റോയിക്കു പുറമേ ആരെങ്കിലും കുറ്റകൃത്യത്തിൽ പങ്കാളിയാണോ എന്നായിരിക്കും ഇന്നലെ കേസ് ഏറ്റെടുത്ത സിബിഐ പ്രധാനമായും അന്വേഷിക്കുക. എന്തുകൊണ്ട് ആദ്യം ആത്മഹത്യയായി റിപ്പോർട്ട് ചെയ്യപ്പെട്ടു, കോളജ് അധികൃതർക്കു പങ്കുണ്ടോ, കൊലയ്ക്കുശേഷം എന്തുകൊണ്ട് അധികൃതർ നേരിട്ടു പരാതി നൽകിയില്ല തുടങ്ങിയ കാര്യങ്ങളും സിബിഐ അന്വേഷിക്കും. എന്നാൽ, ആത്മഹത്യയെന്നു റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നാണ് പൊലീസിന്റെ വാദം.

റോയ് മാത്രമാണ് കൊലയ്ക്കുപിന്നിലെന്നാണ് ബംഗാൾ സർക്കാർ കോടതിയിൽ അറിയിച്ചത്. ശരീരത്തിലേറ്റ പരുക്കുകളുടെ വ്യാപ്തി നോക്കുമ്പോൾ കൂട്ടബലാൽസംഗം സംശയിക്കണമെന്നു ഡോക്ടറുടെ മാതാപിതാക്കൾക്കൊപ്പം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ട ഡോ. സുബർണ ഗോസ്വാമി പറഞ്ഞു. സിപിഎം അനുകൂല സംഘടനയായ ജോയിന്റ് ഫോറം ഓഫ് ഡോക്ടേഴ്സ് അംഗമാണ് ഡോ.സുബർണ. 

ഡോക്ടർമാരുടെ സംഘടനകളിൽ ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ സമരം പിൻവലിച്ചെങ്കിലും ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ സമരം തുടരുകയാണ്.

പ്രതിയെ രക്ഷിക്കാൻ ഭരണകൂട ശ്രമം: രാഹുൽ

ന്യൂഡൽഹി ∙ കൊൽക്കത്ത സംഭവത്തെ യുപിയിലെ ഉന്നാവ്, ഹാഥ്‌റസ്, കഠ്‌വ കേസുകളോട് ഉപമിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ അതിരൂക്ഷ പ്രതികരണം. പ്രതിയെ രക്ഷിക്കാൻ പ്രാദേശിക ഭരണകൂടം ഉൾപ്പെടെ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാൾ ഭരിക്കുന്നത് ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ തൃണമൂൽ കോൺഗ്രസ് ആണെന്നിരിക്കെയാണ് വിമർശനമെന്നതും ശ്രദ്ധേയം.

പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച ആശുപത്രി അധികൃതർക്കും പ്രാദേശിക ഭരണകൂടത്തിനുമെതിരെ ഗൗരവമുള്ള ചോദ്യങ്ങൾ ഉയരുന്നതായി രാഹുൽ പറഞ്ഞു. കോൺഗ്രസ് സർക്കാരുകൾ കേന്ദ്രം ഭരിക്കുമ്പോൾ സ്ത്രീകൾ നേരിട്ട അതിക്രമങ്ങൾ മറക്കരുതെന്നു തൃണമൂൽ തിരിച്ചടിച്ചു.

English Summary:

Parents of Kolkata murder victim raised doubts in High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com