കൊൽക്കത്ത പീഡനം: ആശുപത്രി അധികൃതർക്കും പൊലീസിനും കോടതിയുടെ രൂക്ഷ വിമർശനം
Mail This Article
കൊൽക്കത്ത ∙ പീഡനത്തിനിരയായി പിജി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും ഭാഗത്തു ഗുരുതര വീഴ്ചകൾ ഉണ്ടായതായി നിരീക്ഷിച്ചാണ് ഹൈക്കോടതി കേസ് സിബിഐക്കു വിട്ടത്. അന്വേഷണ ഏജൻസിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയെന്ന പതിവു പോലും ‘നഷ്ടപ്പെടുത്താൻ സമയമില്ല’ എന്നു ചൂണ്ടിക്കാട്ടി കോടതി ഒഴിവാക്കി.
അസ്വാഭാവിക മരണത്തിനു പൊലീസ് ആദ്യം കേസെടുത്തത് സംശയമുണ്ടാക്കുന്നു. പ്രിൻസിപ്പലോ ഉത്തരവാദപ്പെട്ട മറ്റാരെങ്കിലുമോ പൊലീസിൽ പരാതി നൽകേണ്ടതായിരുന്നു. രക്ഷിതാവിന്റെ സ്ഥാനത്തു നിൽക്കേണ്ട പ്രിൻസിപ്പലിന്റെ പ്രവൃത്തി അമ്പരിപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു.
കോളജ് അധികൃതരുടെയും പൊലീസിന്റെയും വീഴ്ചകൾ ഡോക്ടറുടെ മാതാപിതാക്കൾ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30നു മകളുമായി സംസാരിച്ചിരുന്നതായി ഇവർ പറഞ്ഞു. പിറ്റേന്നു രാവിലെ 10.53നു മെഡിക്കൽ കോളജ് അസി.സൂപ്രണ്ട് വിളിച്ച് മകൾക്ക് അസുഖമാണെന്ന് അറിയിച്ചു. 22 മിനിറ്റിനുശേഷം അതേ ഉദ്യോഗസ്ഥൻ വിളിച്ച് മകൾ ആത്മഹത്യ ചെയ്തതായി പറഞ്ഞു.
ആശുപത്രിയിലെത്തിയ തങ്ങൾക്ക് 3 മണിക്കൂർ കഴിഞ്ഞ് മുഖ്യമന്ത്രി ഇടപെട്ടശേഷമാണ് മൃതദേഹം കാണാൻ കഴിഞ്ഞതെന്നും അറിയിച്ചു. എന്നാൽ, ഈ വാദം ശരിയല്ലെന്നാണ് സർക്കാരിന്റെ നിലപാട്. വെള്ളിയാഴ്ച രാവിലെ 10.10നാണ് കോളജ് അധികൃതർ സംഭവം അറിഞ്ഞത്. പൊലീസ് അരമണിക്കൂറിനകം സ്ഥലത്തെത്തി.
11 മണിയോടെ പ്രത്യേക പൊലീസ് സംഘം എത്തി. അപ്പോഴേക്കും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തു തടിച്ചുകൂടിയിരുന്നു. വിദ്യാർഥിസമരം കാരണം മൃതദേഹം മാറ്റാൻ കഴിഞ്ഞില്ലെന്നും ദ്രുതകർമസേനയെ വിളിച്ചാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയതെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.