ADVERTISEMENT

രുദ്രാപുർ (ഉത്തരാഖണ്ഡ്) ∙ ജോലി കഴിഞ്ഞു മടങ്ങിയ നഴ്സിനെ ബലാൽസംഗം ചെയ്തശേഷം കൊലപ്പെടുത്തുകയും പണം കവരുകയും ചെയ്ത കേസിലെ പ്രതി ധർമേന്ദ്ര രാജസ്ഥാനിൽ പിടിയിലായി. കൊൽക്കത്തയിൽ ആർജി കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയതിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണു കഴിഞ്ഞ മാസം 30 നു നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.

സ്വകാര്യാശുപത്രിയിൽ ജോലി ചെയ്തിരുന്ന യുവതിയെ കഴിഞ്ഞ മാസം 30നാണ് കാണാതായത്. വൈകിട്ട് ജോലി കഴിഞ്ഞ് ഇന്ദ്ര ചൗക്കിൽനിന്ന് റിക്ഷയിൽ വീട്ടിലേക്കു മടങ്ങിയ യുവതിയെ കാണാനില്ലെന്ന് സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുപി അതിർത്തിയിലെ ദിബ്ദിബ ഗ്രാമത്തിൽനിന്ന് ഈ മാസം 8ന് മൃതദേഹം കണ്ടെടുത്തത്. 

യുവതി റിക്ഷയിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെത്തുടർന്ന് മൊബൈൽ‌ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. യുവതി ആശുപത്രിയിൽ നിന്ന് ഇറങ്ങിയതു മുതൽ ധർമേന്ദ്ര പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു. 

ബഹളം വച്ച് ആളെ കൂട്ടാൻ ശ്രമിച്ചപ്പോൾ ഷാൾ കൊണ്ടു കഴുത്തു മുറുക്കി കൊലപ്പെടുത്തുകയും മുഖം കല്ലുകൊണ്ട് ഇടിച്ച് തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. യുവതിയുടെ മൊബൈൽ ഫോണും പഴ്‌സിലുണ്ടായിരുന്ന 3,000 രൂപയും കവർന്നതായും പ്രതി സമ്മതിച്ചു. യുവതിക്ക് 11 വയസ്സുള്ള മകളുണ്ട്.

English Summary:

Suspect who killed a nurse in Uttarakhand arrested in Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com