ഒറ്റ തിരഞ്ഞെടുപ്പ്: കടമ്പകൾ കടുപ്പം; പ്രായോഗിക പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടി കമ്മിഷൻ
Mail This Article
ന്യൂഡൽഹി / മുംബൈ ∙ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന നരേന്ദ്ര മോദി സർക്കാരിന്റെ പ്രഖ്യാപിത നയം പ്രായോഗികമോയെന്ന ചോദ്യം വീണ്ടും സജീവമാകുന്നു. ഒന്നിച്ചുള്ള തിരഞ്ഞെടുപ്പിനു വേണ്ടി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി ആഹ്വാനം നടത്തി തൊട്ടടുത്ത ദിവസം തിരഞ്ഞെടുപ്പു കമ്മിഷൻ നടത്തിയ പരാമർശങ്ങളാണ് പ്രായോഗിക തടസ്സങ്ങളിലേക്കു വിരൽചൂണ്ടുന്നത്.
-
Also Read
ബിജെപിക്ക് പുതിയ നായകൻ പുതുവർഷ ആരംഭത്തിൽ
ഈ വർഷം തിരഞ്ഞെടുപ്പു നടക്കാനുള്ളത് 3 സംസ്ഥാനങ്ങളിലാണ്. 2019 ൽ ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഒരുമിച്ചാണു വോട്ടെടുപ്പു നടത്തിയത്. ഇത്തവണ, ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ മഹാരാഷ്ട്രയിലേതു വൈകിപ്പിച്ചു. നവംബർ 26നു മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി തീരും. തൊട്ടുപിന്നാലെ ജാർഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലേതും നടക്കാനുണ്ട്. മഹാരാഷ്ട്രയെ ഒഴിവാക്കാൻ കമ്മിഷൻ ചൂണ്ടിക്കാട്ടിയത് തിരഞ്ഞെടുപ്പ്–സുരക്ഷാ ജീവനക്കാരുടെ വിന്യാസം, കാലാവസ്ഥ, പ്രാദേശിക ഉത്സവങ്ങളിലെ വൈവിധ്യം എന്നിവയാണ്.
ഇന്ത്യയിലാകെ ഒന്നിച്ചുള്ള തിരഞ്ഞെടുപ്പിൽ ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനാണു സാധ്യത. വിശേഷിച്ചും രാജ്യത്തിന്റെ പലഭാഗത്തെയും കാലാവസ്ഥാ വ്യത്യാസം, ഉത്സവങ്ങളിലെ വൈവിധ്യം, ജീവനക്കാരുടെ ലഭ്യത ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യക്കുറവ് എന്നിവ പരിഗണിക്കുമ്പോൾ. ഭരണഘടനാ ഭേദഗതിയും സംസ്ഥാന സർക്കാരുകളുടെ യോജിപ്പും ഉൾപ്പെടെ മറ്റു കടമ്പകളുമുണ്ട്. ഒന്നിച്ചു തിരഞ്ഞെടുപ്പു നടത്താനുള്ള സർക്കാർ നയത്തിനു രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടിയാണു മോദി സ്വാതന്ത്ര്യദിന പ്രസംഗം പൂർത്തിയാക്കിയത്.