ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് – എൻസി – പിഡിപി സഖ്യം സജീവ ചർച്ചയിൽ
Mail This Article
ന്യൂഡൽഹി ∙ ഒരു പതിറ്റാണ്ടിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ജമ്മു കശ്മീരിൽ ‘ഗുപ്കർ സഖ്യം’ ഉയിർത്തെഴുന്നേൽക്കാനുള്ള സാധ്യത അടഞ്ഞിരിക്കെ, പൂർണ സജ്ജമായ ‘ഇന്ത്യാസഖ്യം’ രൂപപ്പെടുമോ എന്നതാണ് ചോദ്യം. നാഷനൽ കോൺഫറൻസും (എൻസി) പിഡിപിയും കോൺഗ്രസുമായി ആശയവിനിമയം നടത്തി. പിഡിപിയുടെ നിലപാട് സഖ്യത്തിന്റെ ഭാവി നിശ്ചയിച്ചേക്കും. 18 നു വോട്ടെടുപ്പു നടക്കുന്ന ഒന്നാംഘട്ടത്തിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ 27 വരെയേ സമയം ഉള്ളൂ. അതിനാൽ സഖ്യതീരുമാനം ഉടനുണ്ടാകും. സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി ചർച്ച നടത്താൻ കോൺഗ്രസ് അഞ്ചംഗ സമിതിയെ നിയോഗിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിലേതു പോലെ പിഡിപി ഇല്ലാതെ, എൻസി– കോൺഗ്രസ് സഖ്യം സുഗമമാകുമെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം അതാഗ്രഹിക്കുന്നില്ല. അതു ബിജെപിക്കു നേട്ടമാകുമെന്നു പാർട്ടി കരുതുന്നു. ബിജെപിക്കെതിരെ ഒന്നിച്ചുനിൽക്കുമെന്നും മത്സരിക്കുമെന്നും പ്രഖ്യാപിച്ച് 2020 ൽ രൂപപ്പെട്ട ഗുപ്കർ (പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ) സഖ്യത്തിൽ എൻസിയും പിഡിപിയും സിപിഎമ്മും ഉൾപ്പെടെ 6 പാർട്ടികൾ ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ ചിതറിയ ഈ സഖ്യം പുനരുജ്ജീവിക്കാനുള്ള സാധ്യത കുറവാണ്. കോൺഗ്രസിനാകട്ടെ അതിന്റെ ഭാഗമാകാനും കഴിയില്ല.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും പുനഃസ്ഥാപിക്കണമെന്ന പൊതു ആവശ്യമാണ് പ്രാദേശിക പാർട്ടികളുടേത്. ഈ തിരഞ്ഞെടുപ്പിലും അവർ അതു പയറ്റുന്നു. ബിജെപിക്കെതിരെ ദേശീയതലത്തിൽ ഇന്ത്യാസഖ്യമായി നിൽക്കുമ്പോഴും ജമ്മുകശ്മീരിൽ എൻസിയും പിഡിപിയും ബദ്ധവൈരികളാണ്. ലോക്സഭയിലേക്കു സീറ്റ് ധാരണയ്ക്കു ശ്രമിച്ചെങ്കിലും അതു പാളിയതോടെയാണ് പിഡിപി പ്രത്യേകം മത്സരിച്ചത്. പിഡിപിയും കോൺഗ്രസും സംപൂജ്യരാകുകയും ചെയ്തു. ഇതു പാഠമാക്കിയുള്ള സഖ്യമോ സമവായമോ രൂപപ്പെടുമോ എന്നതാണു ഇക്കുറി പ്രധാന ചോദ്യം.