കരസേനാ മുൻ മേധാവി എസ്.പത്മനാഭൻ അന്തരിച്ചു
Mail This Article
ചെന്നൈ ∙ പാക്ക് അതിർത്തിയിൽ ഇന്ത്യ നടത്തിയ ഏറ്റവും വലിയ സേനാവിന്യാസത്തിനു ചുക്കാൻ പിടിച്ച മുൻ കരസേനാ മേധാവി ജനറൽ സുന്ദർരാജൻ പത്മനാഭൻ (83) അഡയാറിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്നു ചെന്നൈയിൽ നടക്കും. 1940 ഡിസംബർ 5നു തിരുവനന്തപുരത്തു ജനിച്ച അദ്ദേഹം 2000 മുതൽ 2002 വരെ കരസേനാ മേധാവിയായിരുന്നു. 43 വർഷത്തിലേറെ സൈനിക സേവനം നടത്തി. ‘പാഡി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളീയനായ ആദ്യ സൈനിക മേധാവിയായിരുന്നു.
കരസേനാ മേധാവിയായി നിയമിക്കപ്പെടുന്നതിന് മുൻപ് സതേൺ കമാൻഡ്, നോർത്തേൺ കമാൻഡ് ജനറൽ ഓഫിസർ കമാൻഡിങ് (ജിഒസി) ആയിരുന്നു. ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിലെയും (ആർഐഎംസി) പുണെ നാഷനൽ ഡിഫൻസ് അക്കാദമിയിലെയും (എൻഡിഎ) പൂർവ വിദ്യാർഥിയാണ്. 1959 ൽ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ നിന്ന് (ഐഎംഎ) ബിരുദം നേടിയ ശേഷം അദ്ദേഹം ആർട്ടിലറി റജിമെന്റിൽ കമ്മിഷൻഡ് ഓഫിസറായി.
കരസേനയുടെ ഏറ്റവും പഴയ പീരങ്കിപ്പടയിലൊന്നായ ഗസാല മൗണ്ടൻ റജിമെന്റിനു നേതൃത്വം നൽകി. ലഫ്. ജനറലായ ശേഷം കശ്മീർ താഴ്‌വരയിലെ 15 കോറിന്റെ കമാൻഡറായിരുന്നു. തീവ്രവാദ പ്രവർത്തനങ്ങളെ അടിച്ചമർത്താൻ പത്മനാഭനു കഴിഞ്ഞു. മിലിറ്ററി ഇന്റലിജൻസ് ഡയറക്ടർ ജനറൽ പദവിയും വഹിച്ചു.
ഭീകരർ നടത്തിയ പാർലമെന്റ് ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ 2001 ൽ മാസങ്ങളോളം നീണ്ടുനിന്ന ഓപ്പറേഷൻ ‘പരാക്രം’ പത്മനാഭൻ കരസേനാ മേധാവിയായിരിക്കെയാണു നടന്നത്. വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. രൂപലക്ഷ്മിയാണു ഭാര്യ. 2 മക്കളുണ്ട്.