കോൺഗ്രസ് തോൽവിയിലും മധുരിച്ച 3 പിറന്നാളുകൾ!
Mail This Article
ന്യൂഡൽഹി ∙ അധികാരത്തുടർച്ച തേടിയിറങ്ങിയ കോൺഗ്രസിന്റെ 1989–ലെ പരാജയം പരോക്ഷമായെങ്കിലും ആഹ്ലാദം നൽകിയതു രാജീവ് ഗാന്ധിയുടെ കുടുംബത്തിനായിരുന്നു; അവർക്കു വീടിന്റെ നാഥനെ തിരികെ കിട്ടി. പരാജയത്തിൽ നിന്നു കോൺഗ്രസിനെ തിരികെ അധികാരത്തിലേക്കു കൊണ്ടുവരാനുള്ള രാജീവിന്റെ പരിശ്രമത്തിനിടയിൽ അദ്ദേഹം കൊല്ലപ്പെട്ടെങ്കിലും ആ കാലയളവിനുള്ളിൽ സോണിയ ഗാന്ധിയും മക്കളും ആസ്വദിച്ചത് ജീവിതത്തിലെ ഒരിക്കലും മറക്കാത്ത 3 പിറന്നാളുകൾ.
അതിലാദ്യത്തേത് 1990 ജൂൺ 19ന് മകൻ രാഹുൽ ഗാന്ധിയുടേത്. തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ രാജീവും കുടുംബവും ജൻപഥിലെ 10–ാം നമ്പർ വസതിയിലേക്കു മാറിയസമയം. ജീവിതം അപ്പോൾ കൂടുതൽ സമാധാന പൂർണമായെന്നാണ് അതേക്കുറിച്ചു സോണിയ പറഞ്ഞിട്ടുള്ളത്. പാതിയിൽ ഇറങ്ങിപ്പോകേണ്ടി വരുന്ന ഭക്ഷണനേരങ്ങൾ മാറി, കുടുംബത്തോടൊപ്പം തീൻമേശയിൽ ഒന്നിച്ചിരിക്കുന്ന രാജീവിനെ അവർക്ക് തിരികെ കിട്ടി.
പഠനാവശ്യത്തിനു പിറ്റേന്നു യുഎസിലേക്കു പോകാനിരിക്കുന്ന മകന്റെ പിറന്നാൾ ആഘോഷിക്കാൻ ഡൽഹി ഹോട്ടൽ മൗര്യയിലെ ബുഖാര റസ്റ്ററന്റിൽ രാഹുലും പ്രിയങ്കയും സോണിയയും പോയപ്പോൾ രാജീവും ഒപ്പം കൂടി. തൊട്ടടുത്ത മാസം, ഓഗസ്റ്റിൽ സോണിയയും രാജീവും മസൂറിയിലേക്ക് പോയി. ഹിമാലയൻ മലമ്പാതയിലൂടെ രാജീവ് വാഹനമോടിച്ചു. സോണിയ രാജീവുമൊത്ത് ആഘോഷിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന പിറന്നാൾ ആയിരുന്നു.
1990 ഡിസംബർ 9നു സോണിയയുടെ പിറന്നാൾ ദിനത്തിൽ ദൂരെയായിരുന്ന രാജീവ് സോണിയയ്ക്ക് ഒരു കത്തയച്ചു. കാലം മാറ്റാത്ത സോണിയയെക്കുറിച്ചും തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും രാജീവ് അതിൽ മധുരപൂർവം എഴുതി. അപ്പോഴേക്കും തിരഞ്ഞെടുപ്പു പ്രചാരണത്തിരക്കിലേക്കു മുഴുകിയ രാജീവ് 1991 മേയ് 21ന് എന്നെന്നേയ്ക്കുമായി വിടപറഞ്ഞു.
ജീവിച്ചിരിക്കെ നമ്മൾ ആഘോഷിച്ച ഒരുപാടു പിറന്നാളിന്റെ ഓർമകൾ മനസ്സിലുണ്ടെന്നു കുറേ വർഷങ്ങൾക്കു മുൻപുള്ള രാജീവിന്റെ ജന്മവാർഷിക ദിനത്തിൽ രാഹുൽ കുറിച്ചിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നു രാജ്യമെങ്ങും രാജീവ് ഗാന്ധി അനുസ്മരണം നടക്കും. രാജീവിന്റെ സമാധിസ്ഥലമായ വീർ ഭൂമിയിൽ ഇന്നു രാവിലെ നടക്കുന്ന പ്രാർഥനയിൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ പങ്കെടുക്കും.