ഇന്ത്യ– മലേഷ്യ വ്യാപാരം ഇനി അതത് കറൻസിയിൽ; 2 ലക്ഷം ടൺ അരി നൽകാനും ധാരണ
Mail This Article
ന്യൂഡൽഹി ∙ പരസ്പര വ്യാപാരം വർധിപ്പിക്കാനും ഇടപാടുകൾ അതതു രാജ്യങ്ങളുടെ കറൻസിയിൽ നടത്താനും ഇന്ത്യയും മലേഷ്യയും തമ്മിൽ ധാരണയായി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ഇന്ത്യ സന്ദർശനത്തിനിടെയാണു ധാരണയിലെത്തിയത്. 2 ലക്ഷം ടൺ അരി മലേഷ്യയിലേക്കു കയറ്റുമതി ചെയ്യാനും തീരുമാനിച്ചു. അവിടെയുള്ള ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിന് പദ്ധതി ആവിഷ്കരിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മലേഷ്യയിലെ തുംകു അബ്ദുൽ റഹ്മാൻ സർവകലാശാലയിൽ ആയുർവേദ ചെയറും മലയ സർവകലാശാലയിൽ തിരുവള്ളുവർ ചെയർ ഓഫ് ഇന്ത്യൻ സ്റ്റഡീസും തുടങ്ങും. ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ ഓപ്പറേഷൻ പദ്ധതിയിൽ മലേഷ്യയിൽനിന്നുള്ള 100 പേർക്കു കൂടി പ്രവേശനം നൽകും. തൊഴിലവസരങ്ങൾ, ആയുർവേദമടക്കമുള്ള പരമ്പരാഗത ചികിത്സാ രീതികളിൽ സഹകരണം, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങി 8 മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.