നരേന്ദ്ര മോദി 23ന് യുക്രെയ്നിൽ
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് യുക്രെയ്ൻ തലസ്ഥാനമായ കീവ് സന്ദർശിക്കും. 30 വർഷത്തിനിടെ, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്. കഴിഞ്ഞ മാസം മോദി റഷ്യ സന്ദർശിച്ചിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ക്ഷണപ്രകാരമാണു സന്ദർശനമെന്നും ചില കരാറുകൾ ഒപ്പിടുമെന്നും പറഞ്ഞ വിദേശകാര്യ സെക്രട്ടറി തന്മയ ലാൽ, സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്തെന്നു വ്യക്തമാക്കിയില്ല.
‘യുക്രെയ്ൻ–റഷ്യ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യൻ നിലപാട്. ഇരുരാജ്യങ്ങളുടെയും തലവന്മാരുമായി ഇന്ത്യൻ പ്രധാനമന്ത്രി ബന്ധം പുലർത്തുന്നുണ്ട്. സമാധാനത്തിന് ഇന്ത്യ എല്ലാ ശ്രമവും തുടരും’– വിദേശകാര്യ സെക്രട്ടറി പറഞ്ഞു. മോദിയുടെ മോസ്കോ സന്ദർശനത്തിനിടെ പ്രസിഡന്റ് പുട്ടിനെ ആലിംഗനം ചെയ്യുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടതിനെ യുക്രെയ്ൻ പ്രസിഡന്റ് ശക്തമായി വിമർശിച്ചിരുന്നു.
യുക്രെയ്നിൽ ആശുപത്രികളിൽ റഷ്യ ബോംബിട്ട ദിവസമായിരുന്നു സന്ദർശനമെന്നത് പാശ്ചാത്യലോകത്തും അമർഷമുണ്ടാക്കി. റഷ്യയെ പിണക്കാതെ പാശ്ചാത്യരാജ്യങ്ങളുമായി നല്ല ബന്ധം തുടരാനുള്ള നീക്കത്തിന്റെ ഭാഗമാണു പ്രധാനമന്ത്രിയുടെ സന്ദർശനമെന്നു വിലയിരുത്തപ്പെടുന്നു.