റെയിൽവേ പദ്ധതികളിൽ അടിമുടി പാളിച്ചകളെന്ന് സിഎഎജി റിപ്പോർട്ട്; ആസൂത്രണത്തിലെ പാളിച്ച മൂലം നഷ്ടം 2604 കോടി രൂപ
Mail This Article
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഉധംപുർ–ശ്രീനഗർ– ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയിലെ ടണൽ നിർമാണ ടെൻഡറിൽ റെയിൽവേയുടെ കീഴിലുള്ള സ്ഥാപനമായ ഇർകോൺ, കരാറുകാരനെ വഴിവിട്ടു സഹായിച്ചതായി 2022ലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. വിവിധ പദ്ധതി നടത്തിപ്പിലെ വീഴ്ചകളും ആസൂത്രണത്തിലെ പാളിച്ചകളും കാരണം റെയിൽവേക്ക് 2604 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണു കണ്ടെത്തൽ.
‘883.90 കോടി രൂപയുടെ കരാർ 2012 സെപ്റ്റംബറിൽ ഹിന്ദുസ്ഥാൻ കൺസ്ട്രക്‌ഷൻ കമ്പനിക്കാണു ലഭിച്ചത്. നിർമാണം വൈകിയെന്നു ചൂണ്ടിക്കാട്ടി 2017ൽ കരാർ ഇർകോൺ റദ്ദാക്കി. റീ ടെൻഡർ ചെയ്തപ്പോൾ 1,110.80 കോടി രൂപയ്ക്ക് കരാർ ലഭിച്ചത് ജിഇസിപിഎല്ലിനാണ്. വർധിച്ച കരാർ തുകയായ 433.97 കോടി രൂപയിൽ 236.69 കോടി രൂപ ഇതുവരെ തിരിച്ചുപിടിക്കാൻ ഇർകോണിനു സാധിച്ചിട്ടില്ല. പ്രാഥമിക യോഗ്യത പോലും പരിഗണിക്കാതെ കരാർ നൽകിയതിലൂടെ കമ്പനിയെ ഇർകോൺ വഴിവിട്ടു സഹായിക്കുകയായിരുന്നു’ – റിപ്പോർട്ടിൽ പറയുന്നു.
ലാൻഡ് പാഴ്സൽ പദ്ധതിയുടെ പലിശയിനത്തിൽ 834.72 കോടി രൂപയുടെ നഷ്ടത്തിനിടയാക്കിയതിനെപ്പറ്റിയും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. ഇർകോൺ വഴി റെയിൽവേ ഭൂമി വികസിപ്പിച്ച് യാത്ര, ചരക്കു കടത്ത് ഇതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണു റെയിൽവേ പാഴ്സൽ പദ്ധതി. മുംബൈ ബാന്ദ്ര ഈസ്റ്റിൽ റെയിൽവേയുടെ 4.3 ഹെക്ടർ ഭൂമി 99 വർഷത്തേക്കു പാട്ടത്തിനെടുക്കുന്നതിനായി 2018 മാർച്ച് 28ന് ഇർകോണും റെയിൽ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റിയും (ആർഎൽഡിഎ) തമ്മിൽ കരാറൊപ്പിട്ടു.
അതേദിവസം തന്നെ, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കരാർ റദ്ദാക്കി. എന്നാൽ, പാട്ടത്തുക നൽകുന്നതിനായി ഇർകോൺ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷനിൽ (ഐആർഎഫ്സി) നിന്ന് 3200 കോടി രൂപ 8.77% പലിശ നിരക്കിൽ വായ്പയെടുക്കുകയും ആർഎൽഡിഎക്ക് 2,580.64 കോടി രൂപ പാട്ടത്തുകയായി അടയ്ക്കുകയും ചെയ്തു. ഒപ്പിട്ട ദിവസം തന്നെ റദ്ദാക്കിയ പാട്ടക്കരാറിനു വേണ്ടിയാണ് ഇർകോൺ ഭീമമായ തുക വായ്പയെടുത്ത് പലിശയിനത്തിൽ 834.72 കോടി രൂപയുടെ ബാധ്യത വരുത്തിയത്. എക്സ്പ്രസ് ഹൈവേയിൽ നിന്നു പ്രവേശനമില്ലെന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി, ബാന്ദ്ര ഈസ്റ്റിലെ ഭൂമി വികസിപ്പിക്കാൻ ഇർകോൺ തുടർ നടപടികളെടുത്തില്ല.’ റിപ്പോർട്ടിൽ പറയുന്നു.