ADVERTISEMENT

ന്യൂഡൽഹി ∙ യുക്രെയ്ൻ റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായി നടത്തുന്ന സന്ദർശനം ലോകം ഉറ്റുനോക്കുന്നതിനു കാരണങ്ങൾ ഏറെ. നരേന്ദ്ര മോദിയുടെ കഴിഞ്ഞമാസത്തെ റഷ്യ സന്ദർശനം പാശ്ചാത്യലോകത്തുണ്ടാക്കിയ കടുത്ത വിമർശനത്തിനു പരിഹാരമായാണ് യുക്രെയ്ൻ സന്ദർശനമെന്നതു വളരെ ലളിതമായ വിശദീകരണമാണ്. എങ്കിലും അതൊരു ഘടകമാണെന്നതു വാസ്തവം.

ഇരുസന്ദർശനങ്ങളും ഇന്ത്യ നേരത്തേതന്നെ ഉദ്ദേശിച്ചിരുന്നതാണെന്നു വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ പറയുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം ഇരുരാജ്യങ്ങളും മോദി സന്ദർശിച്ചിരുന്നില്ലെങ്കിലും ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുമായി മറ്റു വേദികളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇരുരാജ്യങ്ങളും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മാറിനിന്നു പറയുന്ന നിലപാടിൽനിന്നു ചെറിയൊരു മാറ്റം വരുത്തി, പ്രശ്നപരിഹാരസാധ്യതകൾ ഇരുവരോടും ആരായുന്ന നിലപാടിലേക്ക് ഇന്ത്യ നീങ്ങുകയാണെന്നും സൂചനയുണ്ട്. എന്നാൽ, മധ്യസ്ഥതയ്ക്കു ശ്രമിക്കാനുള്ള സാധ്യതയില്ല. പകരം ഇരുവരുടെയും നിലപാടുകൾ മനസ്സിലാക്കി രമ്യതയ്ക്കു സാധ്യതയുണ്ടെങ്കിൽ അക്കാര്യം വൻശക്തികളുമായി ചർച്ച ചെയ്യാനാവും ഇന്ത്യയുടെ ശ്രമം.

യുക്രെയ്ൻ യുദ്ധത്തിൽ രമ്യതയ്ക്കു ശ്രമിച്ചതായി അവകാശപ്പെടുന്ന രാജ്യങ്ങൾ നേരത്തേ നടത്തിയ ശ്രമങ്ങൾ മിക്കതും ഏകപക്ഷീയമാവുകയായിരുന്നു. ഉദാഹരണത്തിന് 2 മാസം മുൻപു സ്വിറ്റ്സർലൻഡ് മുൻകയ്യെടുത്ത ശ്രമം റഷ്യ ബഹിഷ്കരിച്ചിരുന്നു.

ഇരു രാജ്യങ്ങളുമായുള്ള സൗഹൃദം നിലനിർത്തേണ്ടത് ഇന്ത്യയ്ക്ക് ആവശ്യമാണ്. ഇന്ത്യയുടെ സൈനികായുധങ്ങളുടെ 60 ശതമാനത്തിലധികം ഇപ്പോഴും റഷ്യൻ നിർമിതമോ റഷ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ചതോ ആണ്. അവയുടെ തുടർന്നുള്ള അറ്റകുറ്റപ്പണിക്കും യന്ത്രഭാഗങ്ങൾക്കും മറ്റും റഷ്യയെ ആശ്രയിച്ചേ തീരൂ.

ഇതേ കാരണത്താൽ യുക്രെയ്നുമായും നല്ല ബന്ധം പുലർത്തിയേ തീരൂ. പഴയ സോവിയറ്റ് നിർ‍മിത ആയുധങ്ങളിൽ നല്ലൊരു ഭാഗം അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയ്നിൽ നിർമിച്ചവയാണ്. ഉദാഹരണത്തിന് സിയാച്ചിനിലേക്കും മറ്റും സൈനിക സാമഗ്രികൾ എത്തിച്ചുകൊടുക്കാൻ ആവശ്യമായ അന്റോണോവ്–32 വിമാനങ്ങൾ യുക്രെയ്നിൽ അസംബിൾ ചെയ്തവയാണ്.

അവയിൽ 40 എണ്ണം യുക്രെയ്നിൽ നവീകരിക്കാനും 65 എണ്ണം യുക്രെയ്ൻ എൻജിനീയർമാരുടെ മേൽനോട്ടത്തിൽ ഇന്ത്യയിൽ നവീകരിക്കാനും കരാർ ഒപ്പിട്ടതിനു തൊട്ടുപിന്നാലെയാണു യുദ്ധം ആരംഭിച്ചത്. മിക്ക ഇന്ത്യൻ യുദ്ധക്കപ്പലുകളിലുമുള്ള ടർബൈൻ, യുക്രെയ്ൻ നിർമിതമാണ്. ഇതിന്റെ യുക്രെയ്നിലെ ഒരു പ്ലാന്റ് പലതവണ റഷ്യൻ മിസൈലാക്രമണം നേരിടുകയും ചെയ്തു. 

മോദിയുടെ കഴിഞ്ഞ മാസത്തെ മോസ്കോ സന്ദർശനദിവസം യുക്രെയ്നിലെ കുട്ടികളുടെ ആശുപത്രി റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്നിരുന്നു. ഇന്നു മോദി കീവ് സന്ദർശിക്കുമ്പോൾ റഷ്യയുടെ മണ്ണിലും യുക്രെയ്ൻ എന്തെങ്കിലും കടുത്ത തിരിച്ചടിക്കു മുതിരുമോ എന്ന ആശങ്കയുമുണ്ട്.

English Summary:

PM Narendra Modi's Ukraine Visit Signals India's evolving foreign policy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com