ഹൈക്കോടതി തടഞ്ഞു; ഇന്നത്തെ ബന്ദ് ഉപേക്ഷിച്ച് മഹാരാഷ്ട്ര പ്രതിപക്ഷം
Mail This Article
മുംബൈ ∙നഴ്സറി കുട്ടികളെ താനെ ബദ്‍ലാപുർ സ്കൂളിൽ തൂപ്പുകാരൻ പീഡിപ്പിച്ചതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത മഹാരാഷ്ട്ര ബന്ദ് ബോംബെ ഹൈക്കോടതി തടഞ്ഞു. ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചേക്കുമെന്നും വിലക്കുന്നതായും കോടതി ഉത്തരവിട്ടതിനു പിന്നാലെ കോൺഗ്രസ്, ശിവസേനാ ഉദ്ധവ് പക്ഷം, എൻസിപി പവാർ വിഭാഗങ്ങൾ പിൻവാങ്ങി. പകരം, വായ് മൂടിക്കെട്ടി സംസ്ഥാനത്തുടനീളം പ്രകടനം നടത്തും.
ബന്ദും പണിമുടക്കും ഭരണഘടനാ വിരുദ്ധമാണെന്ന കേരളത്തിലെ വിധി രാഷ്ട്രീയ പാർട്ടികളെ കോടതി ഓർമിപ്പിച്ചു. ബന്ദ് നടത്തുന്നതു സാമ്പത്തികമായും വ്യാവസായികമായും വൻ നഷ്ടമുണ്ടാക്കുമെന്നും ജനജീവിതം സ്തംഭിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് അമിത് ബോർക്കർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാർട്ടിക്കും സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്യാനാകില്ലെന്നും അത്തരം സന്ദർഭങ്ങളിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമുണ്ടെന്നുമുള്ള കേരള ഹൈക്കോടതിയുടെ 2004 ലെ വിധി ചൂണ്ടിക്കാട്ടി 2 അഭിഭാഷകരാണ് കോടതിയെ സമീപിച്ചത്. ബന്ദ് നടത്തുന്ന രാഷ്ട്രീയ പാർട്ടി നിയമനടപടി നേരിടേണ്ടി വരുമെന്നതിനാൽ നിയമം കർശനമായി നടപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി, ഡിജിപി ജില്ലാ കലക്ടർമാർ എന്നിവരോടും നിർദേശിച്ചു.