ADVERTISEMENT

കീവ് (യുക്രെയ്ൻ) ∙ ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തദാഹിയായ കുറ്റവാളിയെ കെട്ടിപ്പിടിക്കുന്ന ചിത്രം വലിയ നിരാശയുണ്ടാക്കുന്നു’ എന്നു പറഞ്ഞതു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയാണ്. കീവിലെ ആശുപത്രിയിൽ റഷ്യ ബോംബിട്ടതിനു പിന്നാലെ പുട്ടിനെ ആലിംഗനം ചെയ്യുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ മോദി ജൂലൈയിൽ നടത്തിയ റഷ്യൻ സന്ദർശനം യുക്രെയ്നെയും യുഎസിനെയുമെല്ലാം അലോസരപ്പെടുത്തി. ആ സന്ദർശനത്തിനിടെയാണു കുട്ടികൾക്കുള്ള ആശുപത്രിയിൽ റഷ്യ ബോംബിട്ടത്. റഷ്യൻ ആക്രമണത്തിനെതിരായ വികാരം, ഉച്ചകോടിക്കിടെ മോദി പുട്ടിനെ നേരിട്ട് അറിയിച്ചു. കുട്ടികളുടെ മരണം ഹൃദയം പൊട്ടുന്ന വേദനയാണെന്നു തുറന്നുപറയുകയും ചെയ്തു.

ഇന്നലെ മോദി ചേർത്തുപിടിക്കുമ്പോൾ വികാരവിക്ഷുബ്ധനായിരുന്നു സെലെൻസ്കി. അതു മുഖത്തു തെളിഞ്ഞുകാണാമായിരുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്കായുള്ള സ്മാരകത്തിലാണ് അവർ നിന്നിരുന്നത്. പാവകളും കളിപ്പാട്ടങ്ങളും സ്നേഹക്കുറിമാനങ്ങളും നിറഞ്ഞയിടം. ‘ചെറിയ കുട്ടികളെയാണ് യുദ്ധം ഏറ്റവും അധികം ബാധിക്കുന്നത്. ജീവൻ നഷ്ടമായ കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്കൊപ്പമാണ് എന്റെ ഹൃദയം. വേർപാടിന്റെ സങ്കടം താങ്ങാൻ അവർക്കു കരുത്തുണ്ടാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു’–മോദി ‘എക്സി’ൽ കുറിച്ചു.

റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിക്കേണ്ടത് ഇരു രാജ്യങ്ങളുമായും വ്യാപാരബന്ധം പുലർത്തുന്ന ഇന്ത്യയ്ക്കു പ്രധാനമാണ്. യുക്രെയ്നിനെ പിന്തുണയ്ക്കുന്ന യുഎസിനെ പിണക്കാതിരിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. റഷ്യൻ സന്ദർശനമുണ്ടാക്കിയ രോഷവും എതിർപ്പും തണുപ്പിക്കാനുള്ള നയതന്ത്രവഴി യുക്രെയ്നിലേക്കുള്ള ട്രെയിൻ യാത്രയാണെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു. മോദിയുടെ സന്ദർശനത്തെ നാഴികക്കല്ലെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിശേഷിപ്പിച്ചതു വെറുതെയല്ല.

4 കരാറുകൾ ഒപ്പിട്ട് ‌ഇന്ത്യയും യുക്രെയ്നും ‍

കീവ് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ സുപ്രധാന കരാറുകളും. ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കാനുള്ള 4 കരാറുകളാണ് ഒപ്പുവച്ചത്. 

കൃഷി, ഭക്ഷ്യവ്യവസായം, മരുന്ന്, സംസ്കാരം, ജീവകാരുണ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളാണിവ. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന, 4 മൊബൈൽ ആശുപത്രികൾ ഇന്ത്യ യുക്രെയ്നിനു നൽകും.

English Summary:

Prime minister narendra modi Ukraine visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com