ADVERTISEMENT

ന്യൂഡൽഹി ∙ ഭരണം പിടിക്കാമെന്ന പ്രതീക്ഷ പുലർത്തുമ്പോഴും ഹരിയാനയിൽ കോൺഗ്രസിന് ഗ്രൂപ്പ് പോര് ആശങ്കയായി. ഗ്രുപ്പുതിരിഞ്ഞു നടത്തിയ റാലികൾക്കു പിന്നാലെ സമൂഹമാധ്യമ പ്രചാരണത്തിലും ഐക്യമില്ലായ്മ പ്രകടം. കോൺഗ്രസ് ഔദ്യോഗികമായി പുറത്തുവിടുന്ന വിഡിയോകളിലും ചിത്രങ്ങളിലും നിറഞ്ഞുനിൽക്കുന്നതു മുതിർന്ന നേതാവ് ഭൂപീന്ദർ ഹൂഡയും മകൻ ദീപേന്ദർ ഹൂഡയുമാണ്. ഇവരുടെ നേതൃത്വത്തെ എതിർക്കുന്ന മുൻ കേന്ദ്രമന്ത്രി കുമാരി ഷെൽജ, എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവർ വിഡിയോകളിലില്ല. ഇതിലുള്ള പരിഭവം ഷെൽജ ദേശീയ നേതൃത്വത്തെയും പ്രചാരണ തന്ത്രമൊരുക്കുന്ന സുനിൽ കനഗോലു സംഘത്തെയും അറിയിച്ചെന്നാണു വിവരം.

ഷെൽജയ്ക്കു കൂടി പ്രാധാന്യമുള്ള വിഡിയോകളും തയാറാക്കുന്നുണ്ടെങ്കിലും അതിൽ ഹൂഡ വിഭാഗം നേതാക്കൾ ഇല്ല. സംസ്ഥാനത്ത് പാർട്ടി സംവിധാനത്തെ ഹൂഡ പക്ഷം ഹൈജാക്ക് ചെയ്യുന്നുവെന്ന ആരോപണം എതിർചേരിയിൽനിന്ന് ഉയരുന്നതിനിടെയാണു പുതിയ തലവേദന. സ്ഥാനാർഥി നിർണയത്തിലേക്കു കടക്കാനിരിക്കെ വടംവലി കടുക്കും. ഹൂഡ പക്ഷത്തിന്റെ റാലിക്കു പുറമേ, ഷെൽജയും സുർജേവാലയും പ്രത്യേകം റാലികൾ നടത്തി. ഷെൽജയും സുർജേവാലയും ഒന്നിച്ചാണെന്നു കരുതപ്പെടുന്നെങ്കിലും ഇവരും പ്രത്യേകം ഗ്രൂപ്പുകളായി മാറുന്നുവെന്നാണു സൂചന.

‘കണക്കു തേടി’ കനഗോലു

കർണാടകയിലും തെലങ്കാനയിലും വിജയത്തിലെത്തിച്ച പ്രചാരണ തന്ത്രം ഹരിയാനയിലും കോൺഗ്രസിനായി കനഗോലുവും സംഘവും തുടങ്ങിക്കഴിഞ്ഞു. കർണാടകയിൽ ബിജെപിക്കെതിരെ ‘കമ്മിഷൻ സർക്കാർ’, തെലങ്കാനയിൽ ബിആർഎസിനെതിരെ ‘ബൈബൈ കെസിആർ’ എന്നിങ്ങനെയുള്ള ടാഗ്‌ലൈൻ പ്രചാരണം വൻ ചർച്ചയായിരുന്നു. ഹരിയാന മാംഗേ ഹിസാബ് (ഹരിയാനയ്ക്കറിയണം, കണക്ക്) എന്ന പ്രചാരണവാക്യമാണു ഹരിയാനയിൽ.

സമാന്തരമായി ‘നോൺസ്റ്റോപ് ഹരിയാന’ എന്ന പേരിൽ നടക്കുന്ന പോസ്റ്റർ പ്രചാരണത്തിനു പിന്നിലും കോൺഗ്രസാണെന്നു പറയപ്പെടുന്നു. തൊഴിലില്ലായ്മ ഉയർത്തിയുള്ള നോൺസ്റ്റോപ് ഹരിയാന ക്യാംപെയ്നിന്റെ പോസ്റ്റർ പതിച്ചതിനു കഴിഞ്ഞദിവസം 2 പേർ അറസ്റ്റിലായി.

English Summary:

Congress group fight in Haryana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com