ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച ബംഗ്ലദേശ് മുൻ ജഡ്ജിയെ തടഞ്ഞു
Mail This Article
ധാക്ക ∙ രാജ്യം വിടാൻ ശ്രമിച്ച സുപ്രീം കോടതി മുൻ ജഡ്ജിയെ ബംഗ്ലദേശ് അതിർത്തി രക്ഷാസേന (ബിജിഡി) തടഞ്ഞുവച്ചു. രാജ്യത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായ സിൽഹെറ്റിൽ നിന്ന് ഇന്ത്യയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഷംസുദ്ദീൻ ചൗധരി മാണിക്കിനെ പിടികൂടിയത്. ഇദ്ദേഹത്തെ അർധരാത്രിവരെ സേനാ ഔട്ട് പോസ്റ്റിൽ നിർത്തിയെന്നാണ് റിപ്പോർട്ട്.
അവാമി ലീഗ് നേതാവ് എഎസ്എം ഫിറോസിനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തതിനുപിന്നാലെയാണ് പുതിയ സംഭവവികാസം. ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കി, മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റശേഷം മുൻ മന്ത്രിമാർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ പലരെയും കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
രാജ്യം ഒരുമയോടെ മുന്നോട്ടെന്ന് സർക്കാർ
ധാക്ക ∙ ബംഗ്ലദേശിൽ പൂജയും നോമ്പും സഹവർത്തിക്കുമെന്ന് സർക്കാരിന്റെ മതകാര്യ ഉപദേശകൻ എ.എഫ്.എം ഖാലിദ് ഹുസൈൻ പറഞ്ഞു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ മത വിശ്വാസികൾക്കു നേരെ അക്രമങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിലാണ് അദ്ദേഹം പുതിയ ഭരണനേതൃത്വത്തിന്റെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയത്. 48 ജില്ലകളിലെ 278 സ്ഥലങ്ങളിൽ ന്യൂനപക്ഷ സമുദായം ആക്രമണങ്ങളും ഭീഷണികളും നേരിട്ടതായി ബംഗ്ലദേശ് നാഷനൽ ഹിന്ദു ഗ്രാൻഡ് അലയൻസ് വക്താക്കൾ പറഞ്ഞു.