അന്വേഷണം പൂർത്തിയാകാതെ തൊഴിൽകരാർ റദ്ദാക്കരുത്; സുപ്രീം കോടതിയുടെ നിർണായകവിധി
Mail This Article
ന്യൂഡൽഹി ∙ അച്ചടക്ക നടപടികളിൽ അന്വേഷണം പൂർത്തിയാക്കാതെ ജീവനക്കാരുടെ കരാർ റദ്ദാക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. കരാർ പുതുക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാതെ ജോലിയിൽനിന്നു പിരിച്ചുവിടുന്നത് ഉദ്യോഗാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും ജഡ്ജിമാരായ ഹിമ കോലി, എ.അമാനുള്ള എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
മധ്യപ്രദേശിൽ സർവശിക്ഷ അഭിയാൻ പദ്ധതിയിൽ അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസർ പദവിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന യുവതിയെ ജോലിയിൽനിന്നു പിരിച്ചുവിട്ടതു ശരിവച്ച മധ്യപ്രദേശ് ഹൈക്കോടതി വിധി റദ്ദാക്കിയാണു സുപ്രീം കോടതിയുടെ നടപടി. പിരിച്ചുവിട്ടതിനു പിന്നിലെ യഥാർഥ കാരണം കോടതി പരിശോധിക്കേണ്ടിയിരുന്നുവെന്നും കോടതി വിലയിരുത്തി.
2 തവണ കാരണം കാണിക്കൽ നോട്ടിസ് നൽകിയതിനു ശേഷമാണു യുവതിയുടെ കരാർ പുതുക്കുന്നില്ലെന്ന് അറിയിച്ചത്. എന്നാൽ, ഇതിന്റെ പശ്ചാത്തലം വ്യക്തമാക്കുകയോ അന്വേഷണ നടപടികൾ പൂർത്തിയാക്കുകയോ ചെയ്തിട്ടില്ല. കരാർ പുതുക്കിയില്ല എന്ന് ലളിതമായ മറുപടിയാണ് സംസ്ഥാന സർക്കാർ നൽകിയത്. എന്തിനാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നതെന്നും വ്യക്തമാക്കിയിട്ടില്ല. പെരുമാറ്റദൂഷ്യം കൊണ്ടോ, ജോലിയിലുള്ള കഴിവില്ലായ്മ കൊണ്ടോ ഉദ്യോഗാർഥിയെ പുറത്താക്കുന്നതു കൃത്യമായ നടപടിക്രമങ്ങളിലൂടെ ആയിരിക്കണമെന്ന സുപ്രീം കോടതിയുടെ 1957 ലെ വിധിയും ബെഞ്ച് ചൂണ്ടിക്കാട്ടി.
2012 ലാണു പരാതിക്കാരിയെ ഒരു വർഷത്തേക്കു നിയമിച്ചത്. മികവു പരിഗണിച്ച് അടുത്തവർഷം കരാർ പുതുക്കി. എന്നാൽ ഹോസ്റ്റൽ സൗകര്യങ്ങൾ സംബന്ധിച്ചു പരാതിപ്പെട്ടപ്പോൾ കാരണം കാണിക്കൽ നോട്ടിസ് നൽകി. ഇതിനു മറുപടി നൽകുകയും ചെയ്തു. എന്നിട്ടും ജോലിയിൽ മികവില്ലെന്നു പറഞ്ഞു 2013ൽ പിരിച്ചുവിട്ടു. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഇതു റദ്ദാക്കിയിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് സർക്കാർ തീരുമാനം ശരിവച്ചു. ഇതിനെതിരെയാണു സുപ്രീം കോടതിയിലെത്തിയത്.