ADVERTISEMENT

ന്യൂഡൽഹി ∙ അസം, അരുണാചൽപ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് ആനകളെ എത്തിച്ചു വിൽപന നടത്തിയ സംഭവത്തിൽ സംസ്ഥാന വനംവകുപ്പിനോടു കേന്ദ്ര വനം– പരിസ്ഥിതി മന്ത്രാലയം വിശദീകരണം ചോദിച്ചു. 3 വർഷത്തിനുള്ളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലെത്തിച്ച ആനകളുടെ വിവരങ്ങളും സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള നാട്ടാനകളുടെ വിവരങ്ങളും തേടി വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ സംസ്ഥാനത്തിന് കത്തുനൽകി. ആനക്കച്ചവടം നിരോധിച്ചതിനാൽ ഇപ്പോൾ ആനകളുടെ വിൽപനയും വാങ്ങലും പാടില്ല. എന്നാൽ ആനകളെ ‘സംഭാവന’ നൽകുന്നതിന് തടസ്സമില്ല. ഇങ്ങനെ ‘ദാനം കിട്ടിയത്’ എന്ന രീതിയിൽ കേരളത്തിലേക്ക് നാട്ടാനകളെ എത്തിക്കുന്നു എന്നാണു പരാതി.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു നാട്ടാനകളെ എത്തിക്കുന്നതടക്കം സംസ്ഥാനാന്തര കൈമാറ്റങ്ങൾക്കു കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയതു. കൊണ്ടുവരുന്ന ആനകൾക്ക് ഡിഎൻഎ പ്രൊഫൈൽ റജിസ്ട്രേഷൻ നിർബന്ധമാക്കി. റജിസ്റ്ററിൽ ഉൾപ്പെടാത്ത ആനകളെ കൈമാറ്റം ചെയ്യാനോ സംസ്ഥാനങ്ങൾക്കു പുറത്തേക്കു കൊണ്ടുപോകാനോ സാധിക്കില്ല.

കൈമാറ്റം ചെയ്യുന്ന ആനകൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റും അതതു മേഖലകളിലെ ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയും വേണം. ആവശ്യമെങ്കിൽ മയങ്ങാനുള്ള മരുന്ന് നൽകി സുരക്ഷിത വാഹനത്തിൽ വേണം ആനയെ യാത്രചെയ്യിക്കാനെന്നും പുതുക്കിയ ചട്ടത്തിൽ പറയുന്നു.

 2019 ൽ വനം വകുപ്പ് ശേഖരിച്ച കണക്കു പ്രകാരം സംസ്ഥാനത്ത് 521 നാട്ടാനകളുണ്ടായിരുന്നു. 5 വർഷത്തിനിടയ്ക്ക് ഇതിൽ 116 എണ്ണം ചരിഞ്ഞു. ആകെയുണ്ടായിരുന്ന 521 നാട്ടാനകളിൽ 393 എണ്ണവും ഇതരസംസ്ഥാന ആനകളെന്നു വനംവകുപ്പ് പറയുന്നു. 128 എണ്ണം മാത്രമാണു കേരളത്തിൽ നിന്നുള്ളത്.

ആനയ്ക്കും ആധാർ

∙രാജ്യത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ നാട്ടാനയുടെയും ആധാർ സമാനമായ ഡിഎൻഎ ഡേറ്റ ബേസ് തയാർ. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹായത്തോടെ തയാറാക്കിയ ‘ഗജ സൂചന’ എന്ന ആൻഡ്രോയ്ഡ് ആപ്പിൽ കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും റജിസ്റ്റർ ചെയ്ത നാട്ടാനകളുടെ ഡിഎൻഎ വിവരങ്ങളുണ്ട്. ആനകളുടെ പേര്, ഡിഎൻഎ വിവരങ്ങൾ, മൈക്രോ ചിപ് വിവരങ്ങൾ, ഉടമസ്ഥന്റെ രേഖകൾ, സവിശേഷതകൾ ഇവ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേക ലോഗിനും പാസ്‌വേഡും ഉപയോഗിച്ച് വിവരങ്ങൾ ലഭ്യമാകും. ആനകളെ കൈമാറ്റം ചെയ്യുമ്പോഴും ആനക്കൊമ്പ് കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങൾ നടക്കുമ്പോഴും ഈ വിവരങ്ങൾ പരിശോധിച്ച് ആനകളെ മനസ്സിലാക്കാൻ സാധിക്കും.

English Summary:

Strict conditions for inter-state transfer of elephants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com