ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും നാഷനൽ കോൺഫറൻസും (എൻസി) തമ്മിൽ ധാരണയിലെത്താൻ കഴിയാതെ പോയ 5 സീറ്റുകളിൽ സൗഹൃദ മത്സരം നടക്കും. 90 അംഗ നിയമസഭയിലെ ബാക്കി 85 സീറ്റുകളിലും ‘ഇന്ത്യാസഖ്യമായി’ മത്സരിക്കാൻ തീരുമാനിച്ചു. എൻസി–51, കോൺഗ്രസ്–32, സിപിഎം, പാന്തേഴ്സ് പാർട്ടി എന്നിവർക്ക് ഓരോ സീറ്റ് എന്നതാണു ധാരണ. ദോഡ, നഗ്രോട്ട, ബെനിഹാൾ, സോപോർ, ബാദേർവാഗ് മണ്ഡലങ്ങളിലാണ് സൗഹൃദമത്സരം. 

സഖ്യധാരണയ്ക്കു സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകൾ വഴിമുട്ടിയതോടെയാണ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെയും സംഘത്തെയും ഫാറൂഖ് അബ്ദുല്ലയുമായി ചർച്ചയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ചത്. ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന 24 സീറ്റുകളിലേക്കു നാമനിർദേശ പത്രിക നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ധൃതിപിടിച്ചുള്ള നീക്കം. സ്ക്രീനിങ് കമ്മിറ്റി അംഗം ആന്റോ ആന്റണി എംപി, മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. 

കശ്മീർ താഴ്‌വരയിലെ ഏതാനും സീറ്റുകളിലാണ് ചർച്ച വഴിമുട്ടിയത്. അവിടെ 10 സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും എൻസി തയാറായില്ല. ഇവിടെ 7 സീറ്റുകൾ കോൺഗ്രസിനെന്നാണ് ഒടുവിലത്തെ ധാരണ. സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകൾ വഴിമുട്ടിയതോടെ കേരളത്തിലായിരുന്ന വേണുഗോപാലിനോട് ശ്രീനഗറിലെത്താൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. സ്ക്രീനിങ് കമ്മിറ്റി അംഗമായ ആന്റോ ആന്റണിയും സ്ഥലത്തുണ്ടായിരുന്നു. ഇന്നലെ, 2 തവണ ഫാറൂഖ് അബ്ദുല്ലയുമായി ചർച്ച നടത്തിയാണു ധാരണയിലെത്തിയത്. 

English Summary:

Friendly contest between Congress and National Conference in 5 seats in Jammu Kashmir assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com