ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഏകോപിത പെൻഷൻ പദ്ധതി (യൂണിഫൈഡ് പെൻഷൻ സ്കീം-യുപിഎസ്) ഗുണദോഷ സമ്മിശ്രമെന്നു വിലയിരുത്തൽ. ആകർഷകമായ ചില വ്യവസ്ഥകളുണ്ടങ്കിലും ആശങ്കകൾ പൂർണമായി പരിഹരിക്കപ്പെടുന്നില്ല.

മിനിമം പെൻഷൻ, ഗ്രാറ്റുവിറ്റിക്കു പുറമേയുള്ള തുക, 2004 നു ശേഷം വിരമിച്ചവർക്കു കുടിശിക, കേന്ദ്ര വിഹിതത്തിലെ വർധന, ക്ഷാമബത്ത തുടങ്ങിയവ ജീവനക്കാരും പെൻഷൻകാരും സ്വാഗതം ചെയ്യുന്നു. അതേസമയം, പെൻഷൻ ഫണ്ടിലേക്കു 10% ശമ്പള വിഹിതം തുടർന്നും നൽകണമെന്നതും ഈ തുക ഓഹരിക്കമ്പോളത്തിൽ നിക്ഷേപിക്കുമെന്നതും ജീവനക്കാരിൽ ആശങ്കയുയർത്തുന്നു.

10 വർഷത്തിൽ താഴെ സർവീസുള്ളവരുടെ പെൻഷന്റെ കാര്യം പുതിയ പ്രഖ്യാപനത്തിൽ ഇല്ല. ആശ്രിത നിയമനം നേടിയവരിൽ, 10 വർഷത്തിൽ താഴെ സർവീസുള്ളവരുണ്ടാകാൻ സാധ്യതയേറെയാണ്. എൻപിഎസിൽ 60% തുക മുൻകൂർ വാങ്ങാൻ കഴിയുമായിരുന്നു. ഇതിനു പകരമായി, യുപിഎസിൽ നിർദേശിക്കുന്ന പ്രത്യേകധനം പേരിനു മാത്രമായിരിക്കുമെന്ന ആശങ്കയുമുണ്ട്. 

പഴയ പെൻഷൻ സ്കീമിൽ (ഒപിഎസ്), 10 വർഷത്തിനിടെയുള്ള ശമ്പള കമ്മിഷൻ നിർദേശിക്കുന്ന വർധനയും 80 വയസ്സു കഴിഞ്ഞവർക്ക് 20% വർധനയും ലഭിക്കുമായിരുന്നു. 20% വർധന യുപിഎസിൽ ഇല്ല. അതേസമയം, ജീവനക്കാരുടേതിനു തുല്യമായ ക്ഷാമബത്ത ഉണ്ടുതാനും. നിലവിലുള്ള ക്ഷാമബത്തയാണോ യുപിഎസ് നടപ്പാക്കുന്ന 2025 ഏപ്രിൽ ഒന്നിനു പൂജ്യത്തിൽനിന്നു ക്ഷാമബത്ത തുടങ്ങുകയാണോയെന്ന് ഉത്തരവു വന്നാലേ വ്യക്തമാകൂ.

ജീവിതപങ്കാളിയുടെ മരണശേഷം, ഭിന്നശേഷിക്കാരായ മക്കൾ, ഭർത്താവില്ലാത്ത മകൾ എന്നിവർക്കു പഴയ പെൻഷൻ പദ്ധതിയിൽ ആശ്രിത പെൻഷൻ ലഭിച്ചിരുന്നു. എൻപിഎസിലും യുപിഎസിലും ഈ വ്യവസ്ഥയില്ല. യുപിഎസിന്റെ വ്യവസ്ഥകൾ കൂടുതൽ വ്യക്തമാകാൻ, ഉത്തരവിനു കാത്തിരിക്കുകയാണു സംഘടനകൾ.

English Summary:

New pension scheme: Pros and Cons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com