ആർ.ജി.കർ മെഡിക്കൽ കോളജ്: വിദ്യാർഥി പ്രക്ഷോഭത്തിൽ ലാത്തിച്ചാർജ്, സംഘർഷം
Mail This Article
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ വൻ റാലി സംഘർഷത്തിൽ അവസാനിച്ചു. സെക്രട്ടേറിയറ്റ് കെട്ടിടമായ നബന്നയിലേക്കുള്ള റാലി അക്രമാസക്തമായതോടെ നഗരത്തിന്റെ പലഭാഗങ്ങളിലും പൊലീസും സമരക്കാരും ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. വിദ്യാർഥി പ്രക്ഷോഭം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയതിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ മോചിപ്പിക്കണമെന്നാശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ സുകന്ദ മജുംദാറിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചും തടഞ്ഞു.
പ്രതി സഞ്ജയ് റോയിയുടെ അടുത്ത സുഹൃത്തായ എഎസ്ഐ അനൂപ് ദത്തയെ പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ നുണപരിശോധന നടത്താൻ സിബിഐ കോടതിയുടെ അനുമതി തേടി. ഫൊറൻസിക് റിപ്പോർട്ടിൽ എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ സഹായം തേടാൻ തീരുമാനിച്ചു. കൊല്ലപ്പെട്ട യുവതിയുടെ നഖത്തിൽ നിന്ന് രക്തവും ത്വക് ഭാഗങ്ങളും കണ്ടെടുത്തി രുന്നു.
മുഖ്യമന്ത്രിയും കമ്മിഷണറും രാജിവയ്ക്കണം: ബിജെപി
ന്യൂഡൽഹി ∙ വിദ്യാർഥികളുടെ റാലിക്കെതിരായ പൊലീസ് നടപടിയിൽ മുഖ്യമന്ത്രിയും സിറ്റി പൊലീസ് കമ്മിഷണറും രാജിവയ്ക്കണമെന്ന് ബിജെപി. ‘ഏകാധിപതിയായ മുഖ്യമന്ത്രി മമത ബാനർജി വിദ്യാർഥികളെയാണ് ഇരകളാക്കുന്നത്. എന്നിട്ടും ഇന്ത്യാസഖ്യം ഒരക്ഷരം മിണ്ടുന്നില്ല’– ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ എംപി പറഞ്ഞു.