‘യുക്രെയ്ൻ യുദ്ധത്തിന് പരിഹാരം വേണം’: വ്ലാഡിമിർ പുട്ടിനോട് നരേന്ദ്ര മോദി
Mail This Article
മോസ്കോ/ ന്യൂഡൽഹി ∙ യുക്രെയ്ൻ യുദ്ധത്തിന് എത്രയും വേഗം സമാധാനപരമായ പരിഹാരം ഉണ്ടാകണമെന്ന നിർദേശം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി പങ്കുവച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇരുരാജ്യങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്ന കാര്യവും പുട്ടിനുമായി സംസാരിച്ചെന്നും സമൂഹമാധ്യമത്തിലൂടെ മോദി അറിയിച്ചു. അതേസമയം ഇരുവരും തമ്മിൽ സംഭാഷണം നടത്തിയതായി അറിയിച്ച റഷ്യ വിശദാംശങ്ങൾ പുറത്തുവിട്ടില്ല.
കഴിഞ്ഞയാഴ്ച നടത്തിയ യുക്രെയ്ൻ സന്ദർശനത്തിനിടെ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് മോദി പുട്ടിനുമായി ഫോണിൽ സംസാരിച്ചത്. യുക്രെയ്ൻ സന്ദർശനത്തെക്കുറിച്ചു യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി തിങ്കളാഴ്ച മോദി ഫോണിൽ സംസാരിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ താൽപര്യത്തിനു വിരുദ്ധമായാണ് മോദി ജൂലൈയിൽ റഷ്യ സന്ദർശിച്ചത്. മോദിയുടെ റഷ്യ സന്ദർശനത്തിൽ യുഎസ് അടക്കമുള്ള രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.