രാജ്യസഭ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ അടക്കം 12 പേർ എതിരില്ലാതെ
Mail This Article
ന്യൂഡൽഹി ∙ രാജ്യസഭയിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ അടക്കം 12 സ്ഥാനാർഥികളും എതിരില്ലാതെ വിജയിച്ചു. 9 ബിജെപി അംഗങ്ങളടക്കം 11 പേർ എൻഡിഎയിൽ നിന്നും ഒരംഗം കോൺഗ്രസിൽ നിന്നുമാണ്. തെലങ്കാനയിൽനിന്ന് അഭിഷേക് മനു സിങ്‌വിയാണു ജയിച്ച കോൺഗ്രസ് അംഗം. ഇതോടെ, നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ രാജ്യസഭയിൽ ഭൂരിപക്ഷം നേടാൻ എൻഡിഎക്കു സാധിക്കും.
മിഷൻ രഞ്ജൻ ദാസ്, രാമേശ്വർ തേലി (അസം), മനൻ കുമാർ മിശ്ര (ബിഹാർ), കിരൺ ചൗധരി (ഹരിയാന), ധൈര്യശീൽ പാട്ടീൽ (മഹാരാഷ്ട്ര), മംമ്ത മൊഹന്ത (ഒഡീഷ), രവ്നീത് സിങ് ബിട്ടു (രാജസ്ഥാൻ), രാജിബ് ഭട്ടാചാര്യ (ത്രിപുര) എന്നിവരാണു ബിജെപി അംഗങ്ങൾ.
കേന്ദ്ര സഹമന്ത്രിയായ രവ്നീത് സിങ് ബിട്ടുവും കിരൺ ചൗധരിയും കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയവരാണ്. മംമ്ത മൊഹന്ത ബിജെഡിയിൽ നിന്നു രാജിവച്ചാണു ബിജെപിയിലെത്തിയത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അധ്യക്ഷനാണ്, ബിഹാറിൽ നിന്നുള്ള മനൻ കുമാർ മിശ്ര. ബിഹാറിലെ രണ്ടാമത്തെ സീറ്റിൽ എൻഡിഎയിലെ രാഷ്ട്രീയ ലോക്മോർച്ച അധ്യക്ഷൻ ഉപേന്ദ്ര ഖുശ്‌വാഹയും മഹാരാഷ്ട്രയിലെ രണ്ടാമത്തെ സീറ്റിൽ എൻസിപി അജിത് പക്ഷത്തിന്റെ നിതിൻ പാട്ടീലും ജയിച്ചു
രാജ്യസഭയുടെ അംഗബലം 245 ആണ്. ഇതിൽ, ജമ്മു കശ്മീരിൽ നിന്നുള്ള 4 പേരുടെയും നാമനിർദേശിത വിഭാഗത്തിലെ 4 പേരുടെയും ഒഴിവുണ്ട്. 237 അംഗ സഭയിൽ, ഉപതിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ബിജെപിക്ക് മാത്രം 96 അംഗങ്ങളായി. ഘടകകക്ഷികളുടേതടക്കം എൻഡിഎക്ക് 114 അംഗങ്ങൾ. നാമനിർദേശം ചെയ്യപ്പെട്ട 6 അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണ കൂടി ലഭിക്കുമ്പോൾ 121 പേരുടെ പിന്തുണയാകും. പ്രതിപക്ഷത്ത് കോൺഗ്രസിന് 27 അംഗങ്ങളായി. ഇന്ത്യാസഖ്യ കക്ഷി അംഗങ്ങളും 2 സ്വതന്ത്രരും അടക്കം പ്രതിപക്ഷത്തിന് 88 അംഗങ്ങളുണ്ടാകും. 28 പേർ രണ്ടു ഭാഗത്തും േചരാതെ നിൽക്കുന്നവരാണ്.