പാക്ക് സാബർജെറ്റ് വീഴ്ത്തിയ ഡെൻസിൽ കീലർ അന്തരിച്ചു
Mail This Article
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ യുദ്ധവിമാനത്തെ വെടിവെച്ചിട്ട് ഇന്ത്യൻ സൈനിക ചരിത്രത്തിൽ ഇടംപിടിച്ച റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥൻ ഡെൻസിൽ കീലർ (91) അന്തരിച്ചു. 1965 ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ വ്യോമസേനയുടെ സ്ക്വാഡ്രൻ ലീഡറായിരുന്ന ഡെൻസിലും സഹോദരൻ ട്രെവർ കീലറും പാക്കിസ്ഥാന്റെ സാബർജെറ്റ് വിമാനങ്ങളെ തകർത്താണു വ്യോമചരിത്രത്തിൽ ഇടംപിടിച്ചത്. പോരാട്ട മികവിന് വീര ചക്ര ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ച ഡെൻസിൽ എയർ മാർഷൽ പദവിയിലാണ് വിരമിച്ചത്.
1933 ൽ ലക്നൗവിൽ ജനിച്ച ഡെൻസിൽ ഇളയ സഹോദരൻ ട്രെവറിനൊപ്പം 1954 ൽ വ്യോമസേനയിൽ പൈലറ്റ് ഓഫിസറായി കമ്മിഷൻ ചെയ്തു. നാറ്റ് യുദ്ധവിമാനം ഉപയോഗിച്ച് 1965 സെപ്റ്റംബർ 19നാണ് ഡെൻസിൽ പാക്ക് വിമാനം വെടിവച്ചിട്ടത്. അതിനു 17 ദിവസം മുൻപ് സെപ്റ്റംബർ രണ്ടിനു ട്രെവർ കീലറും പാക്ക് യുദ്ധവിമാനം വെടിവച്ചു തകർത്തിരുന്നു.
1971ലെ ഇന്ത്യ–പാക്ക് യുദ്ധത്തിലും പങ്കെടുത്ത ഡെൻസിൽ കീലറിന്റെ വിമാനം അപകടത്തിൽപ്പെട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. 1978 ൽ കീർത്തി ചക്ര നേടിയ അദ്ദേഹം വിരമിച്ച ശേഷം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉപദേഷ്ടാവ് ഉൾപ്പെടെയുള്ള പദവികൾ വഹിച്ചു.