ലാ നിനാ വൈകും, മഴ കനത്തേക്കാം
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയിലെ മൺസൂൺ കാലാവസ്ഥയെ സ്വാധീനിക്കുന്ന ലാ നിനാ പ്രതിഭാസം വൈകിയേക്കുമെന്നു സൂചന. ലാ നിനാ ഓഗസ്റ്റ് അവസാനത്തോടെ രൂപപ്പെടുമെന്നും കേരളം ഉൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിൽ സാധാരണയിലും കൂടുതൽ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, പസിഫിക് സമുദ്രത്തിൽ ലാ നിനാ സെപ്റ്റംബർ അവസാനത്തോടെ മാത്രമേ രൂപമെടുക്കൂ എന്നാണു യുഎസ് കാലാവസ്ഥാ ഏജൻസിയായ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ട്.
ഇതേസമയം, ലാ നിനാ പ്രതിഭാസത്തിന്റെ അഭാവം രാജ്യത്തെ മൊത്തത്തിലുള്ള മഴയെ ബാധിച്ചിട്ടില്ലെന്നും 16% അധികം മഴ ലഭിച്ചെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓഗസ്റ്റിൽ മാത്രം 9% കൂടുതൽ ലഭിച്ചു. കേരളത്തിൽ കാലവർഷത്തിന്റെ അവസാനത്തോടെയാണ് ലാ നിനാ എത്തുന്നതെങ്കിൽ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ജൂൺ മുതൽ ഓഗസ്റ്റ് വരെ 12% മഴക്കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. 1735.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട കാലയളവിൽ 1534 മില്ലിമീറ്റർ മാത്രമാണു പെയ്തത്. സംസ്ഥാനത്ത് കണ്ണൂർ ജില്ലയിലാണു കൂടുതൽ മഴ ലഭിച്ചത്– 2337.3 മില്ലിമീറ്റർ. മഴക്കുറവ് കൂടുതൽ വയനാട് (28%), ഇടുക്കി (31%), ആലപ്പുഴ (22%), എറണാകുളം (24%) ജില്ലകളിൽ.
എന്താണു ലാ നിനാ
ഭൂമധ്യരേഖാ പ്രദേശത്തു പസിഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതാണ് ലാ നിനാ പ്രതിഭാസം. ശൈത്യകാലത്ത് വേനൽക്കാലമെന്നപോലെ ചൂട് അനുഭവപ്പെടുക, മഴക്കാലത്ത് വലിയതോതിൽ മഴ പെയ്യുക, മഞ്ഞുവീഴ്ച അതിതീവ്രമാകുക തുടങ്ങിയ പ്രതിസന്ധികളാണു ലാ നിനാ ഉണ്ടാക്കുന്നത്.