രാജിവയ്ക്കില്ല, മണിപ്പുരിൽ സമാധാന ചർച്ച തുടങ്ങും: ബിരേൻ സിങ്
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ 6 മാസത്തിനകം സമാധാനം കൊണ്ടുവരുമെന്നും ചർച്ചകൾക്കായി നാഗാ എംഎൽഎ ദിംഗൻഗ്ലുങ് ഗാംഗമെയിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ബിരേൻ സിങ് വ്യക്തമാക്കി. മണിപ്പുർ കലാപത്തിന്റെ പേരിൽ രാജിവയ്ക്കില്ലെന്നും ബിരേൻ സിങ് പറഞ്ഞു. കലാപത്തിലേർപ്പെട്ട ഇരു വിഭാഗങ്ങളുമായും അകലം പാലിച്ചവരാണ് നാഗാ ഗോത്രങ്ങൾ. കുക്കി ഗോത്രവിഭാഗക്കാർക്കായി പ്രത്യേക സംസ്ഥാനം അനുവദിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കുക്കി മേഖലയ്ക്ക് ഭരണഘടനയുടെ ആറാം ഷെഡ്യൂൾ അനുസരിച്ച് പ്രത്യേക സ്വയംഭരണ പദവി നൽകുന്നതിനെക്കുറിച്ച് ബിരേൻ സിങ് സൂചന നൽകി
കലാപത്തിൽ പങ്കാളികളായ തീവ്ര മെയ്തെയ് സംഘടന ആരംഭായ് തെംഗോലിനെ നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലാപത്തിൽ പങ്കെടുക്കരുതെന്നും ദേശദ്രോഹ പ്രവർത്തനം നടത്തരുതെന്നും അവരോട് ആവശ്യപ്പെട്ടു. സാംസ്കാരിക സംഘടനയായ ആരംഭായ് തെംഗോൽ സ്വയരക്ഷയ്ക്കാണ് ആയുധമെടുത്തതെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. ആദ്യ തവണ മുഖ്യമന്ത്രിയായപ്പോൾ പോപ്പി കൃഷിക്കും അനധികൃത കുടിയേറ്റത്തിനുമെതിരെ നടപടിയെടുത്തതാണ് കലാപത്തിന്റെ മൂലകാരണമെന്ന് ബിരേൻ സിങ് അവകാശപ്പെട്ടു. കലാപം അവസാനിപ്പിക്കാൻ പറ്റാവുന്നതെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി നേരിട്ടു വരേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.