ശിവാജിയുടെ കാൽക്കൽ മാപ്പ് ചോദിച്ച് മോദി; പ്രധാനമന്ത്രി അനാഛാദനം ചെയ്ത പ്രതിമ തകർന്നുവീണത് 8 മാസത്തിനുള്ളിൽ
Mail This Article
മുംബൈ∙രണ്ടരക്കോടി ചെലവിൽ നിർമിച്ച ഛത്രപതി ശിവാജിയുടെ കൂറ്റൻ പ്രതിമ 8 മാസത്തിനകം തകർന്നു വീണതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് ചോദിച്ചു. കൊങ്കൺ സിന്ധുദുർഗ് കോട്ടയിൽ കഴിഞ്ഞ ഡിസംബർ 4 ന് പ്രധാനമന്ത്രി തന്നെയാണ് പ്രതിമ അനാഛാദനം ചെയ്തത്. നാവികസേനയുടെ മേൽനോട്ടത്തിൽ നിർമിച്ച 35 അടി ഉയരമുള്ള പ്രതിമ കഴിഞ്ഞയാഴ്ച കനത്ത കാറ്റിൽ നിലംപതിച്ചതിന്റെ പേരിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം തുടരുകയാണ്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയപ്പോഴുണ്ടായ പ്രതിമ വിവാദം എൻഡിഎ സർക്കാരിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. മറാഠ വികാരത്തിനു മുറിവേറ്റതിൽ ഖേദിക്കുന്നുവെന്നും ശിവാജിയുടെ കാൽക്കൽ വീണു മാപ്പ് ചോദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 76,200 കോടി ചെലവിൽ വടക്കുപടിഞ്ഞാറൻ മഹാരാഷ്ട്രയിലെ വാഡ്‌വനിൽ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ തുറമുഖ പദ്ധതിക്ക് ശിലാസ്ഥാപനം നടത്തുകയായിരുന്നു മോദി.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ മറാഠ സമുദായത്തോട് മാപ്പ് ചോദിച്ചിരുന്നു. തകർന്നു വീണതിനെക്കാൾ വലിയ പ്രതിമ പകരം നിർമിക്കുമെന്ന ഉറപ്പും സംസ്ഥാന സർക്കാർ നൽകി. മഹാരാഷ്ട്ര അതിർത്തിയിൽ ഗുജറാത്തിനു തൊട്ടടുത്തു നിർമിക്കുന്ന തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികളും പ്രതിഷേധത്തിലാണ്. കനത്ത സുരക്ഷ മറികടന്ന് പ്രധാനമന്ത്രിക്കെതിരെ ഗോബാക്ക് മുദ്രാവാക്യങ്ങളും ഉയർന്നു.