ADVERTISEMENT

ന്യൂഡൽഹി ∙ അടിയന്തര സാഹചര്യങ്ങളിൽ അന്വേഷണ ഏജൻസികൾ ഫോൺ ചോർത്തുന്നത് കേന്ദ്ര/സംസ്ഥാന ആഭ്യന്തര സെക്രട്ടറി 7 ദിവസത്തിനുള്ളിൽ അംഗീകരിച്ചില്ലെങ്കിൽ ചോർത്തിയ വിവരങ്ങൾ 2 ദിവസത്തിനകം നശിപ്പിക്കണം. ടെലികോം സേവനങ്ങളുടെ നിരീക്ഷണത്തിനായി ഇതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയ കരടുചട്ടം കേന്ദ്ര കമ്യൂണിക്കേഷൻസ് മന്ത്രാലയം പ്രസിദ്ധീകരിച്ചു.

കോടതിയിൽ തെളിവായി സമർപ്പിക്കുന്നതടക്കം ഒരു കാര്യത്തിനും 7 ദിവസത്തിനിടെ ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും കരടുചട്ടം വ്യക്തമാക്കുന്നു. പഴയ ടെലഗ്രാഫ് ചട്ടമനുസരിച്ച്, അംഗീകാരം ലഭിച്ചില്ലെങ്കിൽ 7 ദിവസം കഴിഞ്ഞ് ചോർത്തുന്നത് അവസാനിപ്പിക്കണം എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ നിബന്ധനയുണ്ടായിരുന്നില്ല.

അടിയന്തര സാഹചര്യങ്ങളിൽ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനോ ഐജി റാങ്കിൽ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥനോ ആഭ്യന്തര സെക്രട്ടറിയെ മുൻകൂർ അറിയിക്കാതെ ഫോൺ ചോർത്തലിന് ഉത്തരവിടാമെന്ന വ്യവസ്ഥ പുതിയ ചട്ടത്തിലും നിലനിർത്തിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിമാർക്ക് 60 ദിവസത്തേക്കു വരെ നിരീക്ഷണത്തിന് ഉത്തരവിടാം. വേണമെങ്കിൽ ഇത് നീട്ടാം. 180 ദിവസത്തിൽ കവിയാൻ പാടില്ല.

2023 ലെ ടെലികോം നിയമം അനുസരിച്ച് സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരുടെ വാർത്താപരമായ സന്ദേശങ്ങൾ കേൾക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യരുത്. എന്നാൽ, ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ഇവരുടെ സന്ദേശങ്ങളും ഇന്റർസെപ്റ്റ് ചെയ്യാനും വിലക്കാനും കഴിയും.

പരിശോധനയ്ക്ക് റിവ്യൂ കമ്മിറ്റി

ജോയിന്റ് സെക്രട്ടറി, അന്വേഷണ ഏജൻസി തലത്തിൽ നടത്തുന്ന ഫോൺ ചോർത്തൽ പരിശോധിക്കാനായി കേന്ദ്രത്തിൽ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സമിതിയും സംസ്ഥാനത്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ കമ്മിറ്റികളുണ്ടാകും. 2 മാസത്തിലൊരിക്കൽ യോഗം ചേർന്ന്, ഇത്തരം ചോർത്തലുകൾ നിയമപരമാണോയെന്നു വിലയിരുത്തണം. ഇല്ലെങ്കിൽ ഇവ അവസാനിപ്പിച്ച് രേഖകൾ നശിപ്പിക്കാൻ നിർദേശിക്കാം.യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിന് വെല്ലുവിളി അടക്കമുള്ള സാഹചര്യങ്ങളിൽ രാജ്യത്തെ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ പ്രവർത്തനം സർക്കാരിന് നിർത്തിവയ്ക്കാം. 15 ദിവസത്തേക്കു മാത്രമേ താൽക്കാലിക സസ്പെൻഷൻ ഉത്തരവിടാൻ കഴിയൂ

English Summary:

Phone hacking: Leaked information must be destroyed within 2 days if not approved by Home Secretary within 7 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com