ജമ്മു കശ്മീർ തിരഞ്ഞെടുപ്പ്; മത്സരരംഗത്തേക്ക് വിഘടനവാദി നേതാക്കളും
Mail This Article
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വിഘടനവാദി നേതാക്കളും വിവിധ രാഷ്ട്രീയപാർട്ടികളിൽ ചേർന്നു മത്സരത്തിന് ഒരുങ്ങുന്നു. ഹുറിയത് കോൺഫറൻസ് മിർവായിസ് ഉമർ ഫാറൂഖ് വിഭാഗത്തിലെ സയ്യിദ് സലിം ഗീലാനി പിഡിപിയിൽ ചേർന്നു. ശ്രീനഗറിലെ ഖന്യാർ മണ്ഡലത്തിൽനിന്നു ഗീലാനി മത്സരിക്കുമെന്നാണു സൂചന. 35 വർഷം ഹുറിയത് കോൺഫറൻസിൽ പ്രവർത്തിച്ചതിൽ അഭിമാനമുണ്ടെന്നും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ വേണ്ടിയാണ് പിഡിപിയിൽ ചേരുന്നതെന്നും ഗീലാനി പറഞ്ഞു. 2015ൽ ആണു ഗീലാനി, ഹുറിയത് കോൺഫറൻസ് വിട്ടത്.
കഴിഞ്ഞയാഴ്ച ഹുറിയത് കോൺഫറൻസിലെ അൻജുമൻ ഷരിയ ഷിയാൻ പ്രസിഡന്റ് ആയിരുന്ന അഗാ സയ്യിദ് ഹസൻ അൽ മൂസാവിയുടെ മകൻ അഗാ സയ്യിദ് മുംതാസിർ പിഡിപിയിൽ ചേർന്നിരുന്നു. മുംതാസിർ ബഡ്ഗാം മണ്ഡലത്തിൽ മത്സരിക്കും. ഹുറിയത് കോൺഫറൻസ് മിർവായിസ് വിഭാഗം വിട്ട് വർഷങ്ങളായി സജീവ പ്രവർത്തനം ഉപേക്ഷിച്ചിരുന്ന ഡോ. ഗുലാം മുഹമ്മദ് ഹുബിയുടെ മകൻ ജാവേദ് ഹുബി ലോക്സഭാംഗമായ എൻജിനീയർ റഷീദിന്റെ അവാമി ഇത്തിഹാദ് പാർട്ടിയുടെ (എഐപി) സ്ഥാനാർഥിയായി മത്സരിക്കും. ജയിലിൽ കഴിയുന്ന വിഘടനവാദി നേതാവ് പീർ സൈഫുല്ലയുടെ സഹോദരൻ അൽത്താഫ് അഹമ്മദ് ഭട്ട് ആണ് പുൽവാമ ജില്ലയിലെ രാജാപോരയിലെ എഐപി സ്ഥാനാർഥി.
ജയിലിലുള്ള മറ്റൊരു വിഘടനവാദി നേതാവ് നയീം ഖാന്റെ സഹോദരനായ മുനീർ ഖാൻ ആണ് ബാരാമുല്ലയിൽ ജമ്മു കശ്മീർ നാഷനലിസ്റ്റ് പീപ്പിൾസ് ഫ്രണ്ടിന്റെ സ്ഥാനാർഥി.