സ്വാതി മലിവാളിനെ ആക്രമിച്ച കേസ്: ബിഭവ് കുമാറിന് ജാമ്യം
Mail This Article
ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‌്‌രിവാളിന്റെ സെക്രട്ടറി ബിഭവ് കുമാറിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിൽ കുറ്റപത്രം സമർപ്പിച്ചു, 100 ദിവസമായി ബിഭവ് കസ്റ്റഡിയിലാണ് തുടങ്ങിയ വാദങ്ങൾ അംഗീകരിച്ചാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്.
ബിഭവിന്റെ ആക്രമണത്തിൽ നിന്നുണ്ടായി എന്ന് ആരോപിക്കുന്ന പരുക്ക് താരതമ്യേന ലളിതമാണ്. കേസിൽ 51ൽ അധികം സാക്ഷികളെ വിസ്തരിക്കാനുണ്ട്. ഇക്കാരണങ്ങളാൽ വാദം പൂർത്തിയാകും വരെ ബിഭവിനെ ജയിൽ അടക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
പ്രതി, സാക്ഷികളെ സ്വാധീനിക്കുമെന്നു ഡൽഹി പൊലീസിനായി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.രാജു വാദിച്ചെങ്കിലും പ്രധാനപ്പെട്ടതും ദുർബലരുമായ സാക്ഷികളുടെ വിസ്താരം 3 മാസത്തിനകം പൂർത്തിയാക്കാൻ വിചാരണക്കോടതിയോട് ബെഞ്ച് നിർദേശിച്ചു.
ബിഭവ് കുമാറിനെ കേജ്‌രിവാളിന്റെ പഴ്‌സനൽ സ്റ്റാഫായി തിരികെ ജോലിയിൽ പ്രവേശിപ്പിക്കരുത്, മുഖ്യമന്ത്രിയുടെ ഓഫിസിൽ ചുമതല നൽകരുത്, എല്ലാ സാക്ഷികളെയും വിസ്തരിക്കും വരെ മുഖ്യമന്ത്രിയുടെ വസതിയിൽ പ്രവേശിപ്പിക്കരുത് തുടങ്ങിയ നിർദേശങ്ങളും ജാമ്യ വ്യവസ്ഥയിലുണ്ട്. മെയ് 13നായിരുന്നു സംഭവം.