കോൺഗ്രസ്: ഭാരവാഹി തിരഞ്ഞെടുപ്പ് പുതുരീതിയിൽ; ഡിസിസി പ്രസിഡന്റാകാൻ ഇനി അഭിമുഖം
Mail This Article
ന്യൂഡൽഹി ∙ ഓരോ ജില്ലയിലെയും ഏറ്റവും സ്വാധീനമുള്ള 3 നേതാക്കന്മാരുടെ പാനലുണ്ടാക്കി അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ അവരിൽ നിന്നു ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് ആലോചിക്കുന്നു. ബ്ലോക്ക് അധ്യക്ഷന്മാരുടെ നിയമനത്തിലും മാറ്റം ഉണ്ടാകും. ഇതുൾപ്പെടെ സംഘടനയിൽ സമ്പൂർണ അഴിച്ചുപണി ഉടൻ ആരംഭിക്കും.
സംസ്ഥാനങ്ങളിലെ പുതിയ നേതൃത്വത്തെ കണ്ടെത്താനുള്ള ചുമതല എഐസിസി സെക്രട്ടറിമാർക്കാണ്. സംഘടനാ സംവിധാനത്തിലെ നവീകരണം ഉടൻ ഉണ്ടാകുമെന്ന് ഇവരുടെ യോഗത്തിലാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്. നേതൃതലത്തിൽ ഇതിന്റെ ചർച്ച തുടങ്ങിയിട്ടുണ്ട്. ഉദയ്പുർ ചിന്തൻ ശിബിരത്തിലെ തീരുമാനം പുനഃസംഘടനയിൽ നടപ്പാക്കാനാണ് രാഹുലിന്റെ നിർദേശം. അങ്ങനെ വന്നാൽ, പാർട്ടി ഘടകങ്ങളിൽ 50 വയസ്സിൽ താഴെയുള്ളവർക്കും ദലിതരുൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്കും കാര്യമായ പ്രാതിനിധ്യം ഉറപ്പാകും.
താഴേത്തട്ടിലേക്കു നീളുന്ന വൻ അഴിച്ചുപണിയുടെ തുടക്കമെന്ന നിലയിലാണ് എഐസിസിയിൽ 75 അംഗ പുതിയ സെക്രട്ടറിമാരുടെയും ജോയിന്റ് സെക്രട്ടറിമാരുടെയും നിയമനം. അതിൽ 15 പേർ ദലിത്–ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. 70% പേരും പിന്നാക്കക്കാരാണ്. 12 വനിതകളും ഉണ്ട്.
6 മാസം കൂടുമ്പോൾ വിലയിരുത്തൽ
എഐസിസിയുടെ പുതിയ സെക്രട്ടറിമാരുടെയും ജോയിന്റ് സെക്രട്ടറിമാരുടെയും പ്രവർത്തനം അടുത്ത 6 മാസത്തിനകം വിലയിരുത്തും. ചുമതല നൽകിയ സംസ്ഥാനത്ത് മാസത്തിൽ 15 ദിവസമെങ്കിലും തങ്ങണമെന്നും പ്രതിമാസ റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്. പരസ്യപ്രസ്താവന പാടില്ല. അതതിടങ്ങളിലെ പ്രാദേശിക ഗ്രൂപ്പുകളിൽപ്പെടാതെ പ്രവർത്തിക്കണം. വൈകാതെ എഐസിസി ഭാരവാഹികൾക്കായി ദ്വിദിന പരിശീലന പരിപാടിയും പാർട്ടി ആലോചിക്കുന്നു.