ADVERTISEMENT

കൊൽക്കത്ത ∙ റോക്കറ്റ് ആക്രമണത്തിൽ ബിഷ്ണുപുർ ജില്ലയിലെ മൊയ്രാങ്ങിൽ ഒരാൾ കൊല്ലപ്പെട്ടതോടെ മണിപ്പുരിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം. ഡ്രോൺ ആക്രമണത്തിൽ കഴിഞ്ഞ ദിവസം ഇംഫാൽ വെസ്റ്റിൽ 2 പേർ കൊല്ലപ്പെട്ടിരുന്നു. വീണ്ടും കലാപം തുടങ്ങിയ പശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

മണിപ്പുരിന്റെ പ്രഥമ മുഖ്യമന്ത്രി മെയ്രാംബാം കൊയിരങ് സിങ്ങിന്റെ വീടിനു മുകളിലാണ് റോക്കറ്റ് ഷെല്ലുകളിലൊന്ന് പതിച്ചത്. അവിടെ പ്രാർഥന നടത്തുകയായിരുന്ന ആർ.കെ.റാബേയി (70) ആണ് കൊല്ലപ്പെട്ടത്. 

മണിപ്പുർ ഇംഫാൽ വെസ്റ്റിലെ ഡ്രോൺ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സ്കൂൾ വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്തപ്പോൾ ചിത്രം:പിടിഐ
മണിപ്പുർ ഇംഫാൽ വെസ്റ്റിലെ ഡ്രോൺ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സ്കൂൾ വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്തപ്പോൾ ചിത്രം:പിടിഐ

13 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മെയ്തെയ് വിഭാഗക്കാരാണ് ഇവർ. കുക്കി മേഖലയായ ചുരാചന്ദ്പുരിൽ നിന്നാണ് റോക്കറ്റ് എത്തിയതെന്ന് മെയ്തെയ് സംഘടനകൾ ആരോപിച്ചു. കുക്കി സംഘടനകൾ ഇത് നിഷേധിച്ചിട്ടുണ്ട്. 

ചുരാചന്ദ്പുരിൽ- ബിഷ്ണുപുർ അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യമാണ്. കുക്കി കുന്നുകളിൽ നിന്നുള്ള ആക്രമണത്തിന് മറുപടി നൽകാൻ മണിപ്പുർ പൊലീസ് കമാൻഡോകൾ അതിർത്തി കടന്നിട്ടുണ്ട്. അതിർത്തിയിലെ ഏതാനും കുക്കി ബങ്കറുകൾ തീവ്ര മെയ്തെയ് സംഘടനകൾ പിടിച്ചെടുത്തു. വൈകുന്നേരം മുതൽ ഇരുഭാഗത്തു നിന്നും കനത്ത വെടിവയ്പ് തുടരുകയാണ്. 

ഏറ്റുമുട്ടൽ വീണ്ടും ആരംഭിച്ചതോടെ ഇംഫാൽ താഴ്‌വരയിലെ 5 ജില്ലകളിലുള്ളവർ സമാധാനത്തിനായി മനുഷ്യച്ചങ്ങല തീർത്തു. സംസ്ഥാന സർക്കാർ കലാപം കൈകാര്യം ചെയ്യുന്ന രീതിയോടുള്ള പ്രതിഷേധമാണ് ചങ്ങലയിൽ അണിനിരന്നവർ പങ്കുവച്ചത്.   

ഭീതിയായി ഡ്രോണുകൾ 

മെയ്തെയ്കളും കുക്കികളും ഏറ്റുമുട്ടലിന് ഡ്രോണുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും ഉപയോഗിച്ചതോടെ അതിർത്തികളിൽ താമസിക്കുന്നവർ ഉൾപ്പെടെ ഭീതിയിലാണ് കഴിയുന്നത്. 

ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ 3 പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ ആരംഭിച്ച റോക്കറ്റ് ആക്രമണത്തിൽ ഒരു കെട്ടിടവും ഹാളും തകർന്നിട്ടുണ്ട്.

English Summary:

Conflict in Manipur escalates again; Rockets and drones for attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com