ഇന്ത്യ–ഗൾഫ് സഹകരണത്തിന് സമഗ്ര പദ്ധതി ഉടൻ
Mail This Article
റിയാദ് ∙ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ സമഗ്ര സംയുക്ത കർമ പദ്ധതി ആവിഷ്കരിക്കാൻ ധാരണ. റിയാദിൽ നടക്കുന്ന പ്രഥമ ഇന്ത്യ-ജിസിസി സംയുക്ത മന്ത്രിതല യോഗത്തിലാണു തീരുമാനം.
ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാറിന് ഉടൻ അന്തിമരൂപം നൽകണമെന്ന് ആവശ്യപ്പെട്ട വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കർ പ്രതിരോധമേഖലയിൽ വിദഗ്ധരുടെ കൈമാറ്റം, സംയുക്ത സൈനിക അഭ്യാസം എന്നിവയിൽ കൂടുതൽ സഹകരണം വേണമെന്നും നിർദേശിച്ചു. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കുന്ന ഭരണാധികാരികൾക്കു മന്ത്രി നന്ദി രേഖപ്പെടുത്തി.
ഗാസയിലെ സ്ഥിതിയിൽ ഇന്ത്യയ്ക്കു വലിയ ആശങ്കയുണ്ടെന്നും അടിയന്തര വെടിനിർത്തൽ വേണമെന്നും ജയശങ്കർ പറഞ്ഞു. പലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു. തീവ്രവാദ പ്രവർത്തനങ്ങളെയും ആളുകളെ ബന്ദികളാക്കുന്നതിനെയും അപലപിക്കുന്നു. നിരപരാധികളായ സാധാരണക്കാരുടെ മരണം ഏറെ വേദനയുണ്ടാക്കുന്നതുമാണ്. മനുഷ്യാവകാശ നിയമങ്ങളുടെ തത്വങ്ങൾ കണക്കിലെടുത്താകണം ഏതൊരു പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
2028 വരെ ആരോഗ്യം, വ്യാപാരം, സുരക്ഷ, കൃഷി, ഭക്ഷ്യസുരക്ഷ, ഗതാഗതം, ഊർജം, സാംസ്കാരിക രംഗം തുടങ്ങിയ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ ധാരണയായി. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ ഇജാസ് ഖാൻ, ഡപ്യൂട്ടി അംബാസഡർ അബു മാത്തൻ ജോർജ് എന്നിവരും പങ്കെടുത്തു.