സ്ത്രീധന മരണം: സ്ത്രീധനം ആവശ്യപ്പെട്ടുള്ള ക്രൂരത തെളിയിച്ചില്ലെങ്കിൽ കൊലക്കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ക്രൂരത തെളിയിക്കാനായില്ലെങ്കിൽ കൊലക്കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബംഗാളിൽ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ചുമത്തിയ കൊലക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
കേസിൽ മരണത്തിനു മുൻപ് സ്ത്രീധനം ആവശ്യപ്പെട്ടു ഭർത്താവിൽനിന്നും ബന്ധുക്കളിൽനിന്നും ക്രൂരതയോ അവഹേളനമോ ഉണ്ടായതിനു തെളിവില്ലെന്ന് ജഡ്ജിമാരായ സുധാൻഷു ധൂലിയ, ജെ.ബി.പർദിവാല എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഭർത്താവിനും അയാളുടെ അമ്മ, സഹോദരി എന്നിവർക്കും കീഴ്ക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതു സുപ്രീം കോടതി റദ്ദാക്കി. സ്ത്രീധന മരണക്കുറ്റത്തിനു ശിക്ഷിക്കണമെങ്കിൽ വേണ്ട ഘടകങ്ങൾ വിശദമായി പ്രതിപാദിച്ച രജീന്ദർ സിങ് – പഞ്ചാബ് സർക്കാർ കേസും (2015) ബെഞ്ച് ചൂണ്ടിക്കാട്ടി.
മുറിവോ പൊള്ളലോ ഏറ്റുള്ള മരണം, മറ്റേതെങ്കിലും തരത്തിലുള്ള അസ്വാഭാവിക മരണം, വിവാഹം കഴിഞ്ഞ് 7 വർഷത്തിനകമുള്ള മരണം, മരണത്തിനു മുൻപ് സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭർത്താവിന്റെയോ ബന്ധുക്കളുടെയോ ക്രൂരത തുടങ്ങിയ ഘടകങ്ങളാണ് സ്ത്രീധന മരണക്കുറ്റം ചുമത്താൻ വേണ്ടതെന്നു വിധിയിലുണ്ട്.