ചൈനയുമായുള്ള അതിർത്തിത്തർക്കം 75% പരിഹരിച്ചെന്ന് എസ്.ജയ്ശങ്കർ
Mail This Article
ജനീവ ∙ ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തി പ്രശ്നങ്ങളിൽ 75 ശതമാനവും ചർച്ചകളിലൂടെ പരിഹരിച്ചെന്നും കിഴക്കൻ ലഡാക്കിലെ തർക്കമാണ് അവശേഷിക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ പറഞ്ഞു. 2020 ജൂണിൽ ഗൽവാൻ താഴ്‌വരയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിലുണ്ടായ സംഘർഷം ബന്ധത്തെ കാര്യമായി ബാധിച്ചെന്നും ഇവിടെ നടന്ന ചർച്ചാ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. മറ്റ് അതിർത്തി പ്രദേശങ്ങളെ ഒഴിവാക്കി കിഴക്കൻ ലഡാക്ക് പ്രശ്നം പ്രത്യേകമായി പരിഹരിക്കുന്നതിനുള്ള ശ്രമത്തിൽ പുരോഗതിയുണ്ട്. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സൈനികപിന്മാറ്റം പൂർണമായാലേ സമാധാനത്തിനു വഴി തെളിയുകയുള്ളൂ.
ഇന്ത്യ–ചൈന അതിർത്തിത്തർക്കം സങ്കീർണമാണെന്ന് ജയ്ശങ്കർ സമ്മതിച്ചു. നിലവിലുണ്ടായിരുന്ന ധാരണകൾ തെറ്റിച്ചാണ് 2020 ൽ ഗൽവാൻ താഴ്‌വരയിൽ ചൈന കടന്നുകയറിയത്. ഇരുകൂട്ടരും കൂടുതൽ സൈന്യത്തെ അതിർത്തിയിലെത്തിച്ചത് സ്ഥിതി സങ്കീർണമാക്കി. ചർച്ചകളിലെ ധാരണ അനുസരിച്ച് ഇന്ത്യ സൈന്യത്തെ പിൻവലിച്ചെങ്കിലും ചൈന അതിർത്തിത്തർക്കം ഉന്നയിച്ച് അവിടെ തുടരുന്നതാണ് പ്രശ്നമാകുന്നതെന്നും ജയ്ശങ്കർ പറഞ്ഞു.