യുക്രെയ്ൻ സംഘർഷത്തിന് പരിഹാരം തേടി ഇന്ത്യ, പുട്ടിനുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ
Mail This Article
ന്യൂഡൽഹി ∙ യുക്രെയ്നിലെ സംഘർഷത്തിനു പരിഹാരം തേടി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്സ്ബർഗിൽ ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനത്തിനിടെ ആയിരുന്നു കൂടിക്കാഴ്ച. അടുത്ത മാസം റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അപ്പോൾ കൂടുതൽ ചർച്ച നടത്താമെന്നും പ്രതീക്ഷിക്കുന്നതായി പുട്ടിൻ പറഞ്ഞു. രണ്ടര ആഴ്ച മുൻപ് മോദി യുക്രെയ്ൻ സന്ദർശിച്ചിരുന്നു. അതിനും ആറാഴ്ച മുൻപ് റഷ്യയും. റഷ്യയുടെ സുരക്ഷാ ഉപദേഷ്ടാവ് സെർഗെയ് ഷൊയ്ഗുവുമായും ഡോവൽ ചർച്ച നടത്തി.
ഇതേസമയം, യുക്രെയ്നിൽ നിന്ന് ഈജിപ്തിലേക്ക് ഭക്ഷ്യധാന്യങ്ങളുമായി പോയ കപ്പലിനുനേരെ കരിങ്കടലിൽ വച്ച് റഷ്യയുടെ ആക്രമണം ഉണ്ടായതായി യുക്രെയ്ൻ ആരോപിച്ചു. ഭക്ഷ്യധാന്യക്കപ്പലുകളെ ആക്രമിക്കില്ലെന്ന ധാരണ റഷ്യ ലംഘിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. റഷ്യ പ്രതികരിച്ചിട്ടില്ല.