പലസ്തീൻ സാമ്പത്തികരംഗം തകർന്നടിഞ്ഞെന്ന് യുഎൻ
Mail This Article
ജറുസലം ∙ യുദ്ധം ഒരു വർഷത്തിലേക്ക് അടുക്കുമ്പോൾ, ഗാസയുടെ സമ്പദ്ഘടന തകർന്നുതരിപ്പണമായി ആറിലൊന്നായി ചുരുങ്ങിയെന്ന് ഐക്യരാഷ്ട്രസംഘടന ഏജൻസിയായ യുഎൻസിടിഎഡി (യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റ്) റിപ്പോർട്ട്. പലസ്തീൻ അതോറിറ്റിക്ക് പരിമിത അധികാരമുള്ള അധിനിവേശ വെസ്റ്റ്ബാങ്കിൽ തൊഴിലില്ലായ്മ മൂന്നിരട്ടിയായെന്നും പലസ്തീൻ സാമ്പത്തികരംഗം അനുദിനം മൂക്കുകുത്തുകയാണെന്നും റിപ്പോർട്ട് പറയുന്നു. യുദ്ധം തുടങ്ങിയശേഷം വെസ്റ്റ്ബാങ്കിൽ 3 ലക്ഷം പേർക്കാണു തൊഴിൽ നഷ്ടമായത്. ഇതോടെ തൊഴിലില്ലായ്മ 32 % ആയി ഉയർന്നു. ഗാസയിലെ യുദ്ധം മൂലമുള്ള സംഘർഷം വെസ്റ്റ് ബാങ്കിലേക്കും ബാധിച്ചതും രാജ്യാന്തര സഹായം നാമമാത്രമായി ചുരുങ്ങിയതുമാണു മുഖ്യകാരണം.
അതിനിടെ, മധ്യഗാസയിൽ യുഎൻ സ്കൂളായ അൽ ജൗനിയിൽ പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിൽ ഇസ്രയേൽ സൈന്യം ഇന്നലെ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 18 പലസ്തീൻകാർ കൊല്ലപ്പെട്ടു. യുദ്ധമാരംഭിച്ചശേഷം അഞ്ചാം വട്ടമാണ് സ്കൂൾ ആക്രമിക്കുന്നത്. കൊല്ലപ്പെട്ടവരിൽ 6 പേർ യുഎന്നിന്റെ പലസ്തീൻ അഭയാർഥിസംഘടനയിലെ (യുഎൻആർഡബ്ല്യൂഎ) ജീവനക്കാരാണ്. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 41,118 പലസ്തീൻകാർ കൊല്ലപ്പെട്ടു. 95,125 പേർക്കു പരുക്കേറ്റു. വെസ്റ്റ് ബാങ്കിൽ തുടരുന്ന സൈനിക റെയ്ഡിൽ തുബാസ് നഗരത്തിൽ 9 പലസ്തീൻകാർ അറസ്റ്റിലായി.
ഇന്ത്യൻ വേരുള്ള ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു
ജറുസലം ∙ ഇന്ത്യൻ വേരുകളുള്ള ഇസ്രയേൽ സൈനികൻ ജെറി ഗിഡിയാൻ ഹംഗൽ (24) അധിനിവേശ വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ ചെക് പോസ്റ്റിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയുള്ള ആക്രമണത്തിലാണു കൊല്ലപ്പെട്ടത്. മിസോറമിൽനിന്ന് 2020 ലാണ് ഇസ്രയേലിലേക്കു കുടിയേറിയത്. ബനെയ് മനഷേ ജൂതഗോത്രാംഗമാണു ജെറി.