കർഫ്യൂ തുടരുന്നു, പൊട്ടിത്തെറിയുടെ വക്കിൽ ഇംഫാൽ
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിൽ സംഘർഷാന്തരീക്ഷത്തിന് അയവില്ല. മോങ്ബൂങ്ങിൽ മെയ്തെയ്കളും കുക്കികളും മണിക്കൂറുകളോളം പരസ്പരം വെടിയുതിർത്തു. ജിരിബാമിലെ ബൊറോബെക്രയിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന് അജ്ഞാതർ തീയിട്ടു. ആളപായമില്ല. മോങ്ബുങ്ങിലെ ഗ്രാമങ്ങൾക്കുനേരെ കുക്കികൾ ബോംബാക്രമണം നടത്തിയതായി മെയ്തെയ് സംഘടനകൾ ആരോപിച്ചു.
കർഫ്യൂവും ഇന്റർനെറ്റ് നിരോധനവും തുടരുന്ന ഇംഫാൽ താഴ്‌വരയിൽ ഏതുനിമിഷവും സംഘർഷം പൊട്ടിപ്പുറപ്പെടാവുന്ന സാഹചര്യമാണ്. ഇംഫാൽ വെസ്റ്റ് – കാങ്പോക്പി, ബിഷ്ണുപുർ-ചുരാചന്ദ്പുർ അതിർത്തികളിൽ ആയിരക്കണക്കിനു സൈനികരാണു കാവൽ നിൽക്കുന്നത്. ഡ്രോൺ ബോംബിങ് നടന്ന സാഹചര്യത്തിൽ ആന്റി ഡ്രോൺ ഉപകരണങ്ങളുമായാണ് സിആർപിഎഫ് ജാഗ്രത പാലിക്കുന്നത്.
ഈ മാസം ഇതുവരെ 2 സ്ത്രീകൾ ഉൾപ്പെടെ 12 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ 6 പേർ ജിരിബാമിലാണ് കൊല്ലപ്പെട്ടത്. കലാപകാലത്തു കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്ന ജില്ലയാണു ജിരിബാം. മെയ്തെയ്കൾക്കു പുറമേ കുക്കി ഗോത്രങ്ങളുടെ ഭാഗമായ മാർ വിഭാഗക്കാരാണ് ഇവിടെയുള്ളത്.