ഇടതുവഴിയിൽ ഒരുമിച്ച യാത്രകൾ ഡി.രാജ ജനറൽ സെക്രട്ടറി, സിപിഐ
Mail This Article
മുപ്പതു വയസ്സു തികയുന്നതിനു മുൻപേ 1978 ൽ ക്യൂബയിൽ ഞങ്ങളിരുവരും പോയിട്ടുണ്ട്. ഞാൻ ചെന്നൈയിൽ നിന്ന് എഐഎസ്എഫ് സംഘത്തിനൊപ്പം. യച്ചൂരി ഡൽഹിയിൽനിന്ന് എസ്എഫ്ഐ സംഘത്തിനൊപ്പം. അന്നു മുതിർന്നവരുടെ സംഘത്തിൽ സംവിധായകൻ രാമു കാര്യാട്ട് ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു. ക്യൂബയിൽ വേൾഡ് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ആ യാത്ര ഞങ്ങൾ ഒരുമിച്ചുള്ള വലിയ യാത്രയുടെ തുടക്കമായിരുന്നു.
-
Also Read
സൗഹൃദം മൂലധനം
1996 ൽ ഐക്യമുന്നണി സർക്കാരിന്റെ കാലത്തും ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തും പൊതുമിനിമം പരിപാടിക്കും ഏകോപനത്തിനുമായി രൂപീകരിച്ച സമിതിയിൽ നിരന്തരം ആശയവിനിമയം നടത്താൻ ചർച്ചകൾക്കു യച്ചൂരിക്കൊപ്പമിരുന്നിട്ടുണ്ട്. വിപി ഹൗസിലെ മൂന്നാം നിലയിൽ എന്റെ കുടുംബവും അഞ്ചാം നിലയിൽ യച്ചൂരിയുടെ കുടുംബവും താമസിച്ച കാലമുണ്ടായിരുന്നു. അന്ന് സ്കൂൾ കഴിഞ്ഞാൽ യച്ചൂരിയുടെ മക്കൾ എന്റെ വീട്ടിലേക്കു വരും, എന്റെ മകൾക്കൊപ്പമിരിക്കാൻ. ഇടതുരാഷ്ട്രീയമെന്ന കുടുംബത്തിലെ രണ്ടംഗങ്ങളായിരുന്നു ഞങ്ങൾ, എന്നും.
അടുത്തു സംസാരിച്ച നേരങ്ങളിൽ ഞങ്ങളുടെ പാർട്ടിയിലെ പഴയ നേതാക്കളുമായുള്ള അടുപ്പം യച്ചൂരി പറയും. ഞാൻ തിരിച്ചും. പുസ്തകങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചുമുള്ള ആ വർത്തമാനം പാർലമെന്റിലേക്കും നീണ്ടും. രാജ്യസഭയിലും ഏറക്കുറെ സമകാലികരായിരുന്നു ഞങ്ങൾ.
ഒന്നാം യുപിഎ കാലത്ത് അടുത്ത രാഷ്ട്രപതി ആരെന്നു നിശ്ചയിക്കാൻ ഒരു ചർച്ച നടന്നു. പ്രധാനമന്ത്രി മൻമോഹനൊപ്പം പ്രകാശ് കാരാട്ട് ഇരിക്കുന്നു. സോണിയ ഗാന്ധിക്കരികിൽ എ.ബി. ബർദൻ. എന്റെയടുത്ത് യച്ചൂരി. ചർച്ച പുരോഗമിക്കവേ ഞാൻ യച്ചൂരിയുടെ കാതിൽ പറഞ്ഞു: നാം ഒരു സ്ത്രീയുടെ പേര് ആലോചിക്കുന്നതാകും ഉചിതം. യച്ചൂരിയോടു അടക്കം പറഞ്ഞത് ഉച്ചത്തിൽ പറയാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഒരു സ്ത്രീയെ പരിഗണിക്കുന്നതു നല്ലതാണെന്നല്ലോ എന്നു പറഞ്ഞ് അവർ പ്രധാനമന്ത്രിയോടു നിർദേശം ചോദിച്ചു. അദ്ദേഹം നിർദേശിച്ചതാണു 2007 ൽ ഇന്ത്യയുടെ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീൽ.