ADVERTISEMENT

അടിയന്തരാവസ്ഥക്കാലം. യച്ചൂരി അന്നു ജെഎൻയുവിൽ വിദ്യാർഥിയാണ്. വിദ്യാർഥിനേതാക്കളെ അറസ്റ്റ് ചെയ്യാൻ രാത്രി പൊലീസെത്തി. ആൺകുട്ടികളുടെ 2 ഹോസ്റ്റലുകൾ വളയാൻ വന്ന പൊലീസിനു പക്ഷേ, ഒരു ഹോസ്റ്റൽ മാറിപ്പോയി. പകരം വളഞ്ഞതു പെൺകുട്ടികളുടെ ഹോസ്റ്റലായിരുന്നു. ആ അവസരം മുതലാക്കി യച്ചൂരിയടക്കമുള്ളവർ അവിടെനിന്നു രക്ഷപ്പെട്ടു. പിടിയിലാകാതെ കഴിയുകയും വേണം, രാഷ്ട്രീയപ്രവർത്തനം നടത്തുകയും വേണം. എളുപ്പമല്ലായിരുന്നു അത്. പെട്ടെന്ന് ആരും സംശയിക്കാൻ ഇടയില്ലാത്ത ഒരിടമാണ് യച്ചൂരി തിരഞ്ഞെടുത്തത്: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. രാത്രിയാകുമ്പോൾ യച്ചൂരി അവിടെയെത്തും. ആശുപത്രിയുടെ നടുവിലെ പുൽമുറ്റത്ത്, രോഗികളുടെ ബന്ധുക്കൾക്കൊപ്പം കിടന്നുറങ്ങി. ഒളിവിലെ ദിനങ്ങൾ അങ്ങനെ പോയി. പകൽ പാർട്ടി പ്രവർത്തനം, രാത്രി ആശുപത്രി വാസം. 

അസുഖബാധിതനായ അച്‌ഛനെ ആശുപത്രിയിൽനിന്നു വീട്ടിലെത്തിച്ച ദിവസമാണ് പൊലീസ് യച്ചൂരിയെ പിടികൂടിയത്. വീട്  പൂർണനിരീക്ഷണത്തിലായിരുന്നു. പൊലീസ് എത്തിയെന്നു മനസ്സിലായപ്പോൾ അച്ഛൻ പറഞ്ഞു: ‘കടന്നുകളയരുത്. കീഴടങ്ങുന്നതാണു നല്ലത്’. പിറ്റേന്ന് അമ്മ ഭക്ഷണവുമായി പൊലീസ് സ്‌റ്റേഷനിൽ ചെന്നപ്പോൾ യച്ചൂരി ഒരു മേശപ്പുറത്തിരുന്ന് രാഷ്ട്രീയം പറയുകയാണ്, അതും ഹിന്ദിയിൽ. പൊലീസുകാർ ചുറ്റിനും ഇരിക്കുന്നു. വിഷമിച്ചുനിന്ന അമ്മയോടു പൊലീസുകാർ പറഞ്ഞു: ‘ഇങ്ങനെയുള്ളവരാണ് പിന്നീടു വലിയ നേതാക്കളാകുന്നത്’. എന്നാൽ കേസെടുത്തപ്പോൾ പൊലീസിന് അബദ്ധം പറ്റി. ദുർബലമായ വകുപ്പുകളാണു ചുമത്തിയത്. അതുകൊണ്ട് ജാമ്യം കിട്ടി. പുറത്തിറങ്ങി രാഷ്ട്രീയപ്രവർത്തനം തുടർന്നു. ജെഎൻയുവിൽ സമരം ശക്തമായി. ക്ലാസിൽ പോകുന്ന വിദ്യാർഥികളെ തടഞ്ഞായിരുന്നു സമരം. ഒരു ദിവസം യച്ചൂരിയുടെ നേതൃത്വത്തിൽ തടഞ്ഞതു മേനക ആനന്ദ് എന്ന വിദ്യാർഥിനിയെയായിരുന്നു. വിവരം ഉന്നതങ്ങളിലെത്തി. ഒരു മണിക്കൂറിനുള്ളിൽ കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് പാഞ്ഞെത്തി. പിക്കറ്റിങ് നടത്തുകയായിരുന്ന വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി. ഷാ കമ്മിഷൻ റിപ്പോർട്ടിൽ ഇതെടുത്തു പറയുന്നുണ്ട്. ആ മേനക ആനന്ദ് പിന്നീടു മേനക ഗാന്ധിയായി.

അടിയന്തരാവസ്ഥയ്ക്കു ശേഷവും ജെഎൻയു രൂക്ഷമായ സമരങ്ങളുടെ വേദിയായി. അതിനു മുന്നിൽ സീതാറാം യച്ചൂരിയുണ്ടായിരുന്നു. വൈസ് ചാൻസലർ അടക്കമുള്ള അടിയന്തരാവസ്ഥാ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രധാന ആവശ്യം. എബിവിപിയുടെ നേതൃത്വത്തിലുള്ള, ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയനുമായി ചേർന്ന് സംയുക്തപ്രസ്താവന ഇറക്കിയതിനെതിരെ വിമർശനമുയർന്നതോ‌ടെ യച്ചൂരി രാജിവച്ചു. വീണ്ടും തിരഞ്ഞെടുപ്പു നടന്നപ്പോഴും വിദ്യാർഥികൾ യൂണിയൻ ചെയർമാനായി തിരഞ്ഞെടുത്തത് യച്ചൂരിയെ ആയിരുന്നു. 

ബാഹ്യ ഇടപെടലുകളില്ലാതെ, വിദ്യാർഥികൾക്കു സ്വതന്ത്രമായി തിരഞ്ഞെടുപ്പു നടത്താൻ അനുവദിക്കുന്ന ഭരണഘടന നടപ്പാക്കിയതടക്കമുള്ള മാറ്റങ്ങൾ അക്കാലത്തുണ്ടായി. ജെഎൻയുവിനെ മറ്റു സർവകലാശാലകളിൽനിന്നു വേറിട്ടുനിർത്തിയതിൽ പ്രധാനം ഈ ഭരണഘടനയായിരുന്നു. 1977–78 കാലത്ത് 3 വട്ടമാണ് യച്ചൂരി ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ജെഎൻയു കാലത്തെ ഒരു ചിത്രം ഇപ്പോഴും ഒളിമങ്ങാതെ ചരിത്രത്തിലുണ്ട്. സാക്ഷാൽ ഇന്ദിരാ ഗാന്ധിയെ അടുത്തുനിർത്തി വിദ്യാർഥിനേതാവായ യച്ചൂരി പ്രതീകാത്മക കുറ്റപത്രം വായിക്കുന്ന ചിത്രം. ചാൻസലർ സ്ഥാനം ഇന്ദിര രാജിവയ്ക്കണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം!

English Summary:

Sitaram Yachuri stronghold of student resistance against the Emergency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com