ബന്ധം മെച്ചപ്പെടാൻ അതിർത്തിപ്രശ്നം തീരണം; ചൈനയോട് ഇന്ത്യ
Mail This Article
ന്യൂഡൽഹി ∙ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിൽ ആകണമെങ്കിൽ അതിർത്തിയിൽ സമാധാനവും ശാന്തതയും തിരിച്ചുകൊണ്ടുവരികയും യഥാർഥ നിയന്ത്രണരേഖ അംഗീകരിക്കുകയും വേണമെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആണ് ഇക്കാര്യം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ അറിയിച്ചത്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന ‘ബ്രിക്സ്’ രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളുടെ ഉച്ചകോടിയിലാണ് ഇരുവരും കൂടിക്കണ്ടത്.
ഇന്ത്യ– ചൈന അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും നടത്തിവരുന്ന ശ്രമങ്ങളുടെ വിലയിരുത്തൽ ഈ കൂടിക്കാഴ്ചയിലുണ്ടായെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും ചൈനീസ് വിദേശകാര്യമന്ത്രാലയവും അറിയിച്ചു.
ഇരുരാജ്യങ്ങൾക്കുമിടയിലെ 75% പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടതായി ഡോവൽ–വാങ് യി കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്കു മുൻപ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ജനീവയിൽ പ്രസ്താവിച്ചിരുന്നു. അതിർത്തിയിലെ വർധിച്ച സൈനിക വിന്യാസമാണ് നിലവിലുള്ള വലിയ പ്രശ്നമെന്നും ഇതു പരിഹരിക്കാൻ ഇരുരാജ്യങ്ങളും 4 വർഷമായി ശ്രമം നടത്തുകയാണെന്നും ജയശങ്കർ പറഞ്ഞു.