ഉരുകുമോർമയുടെ ചാരുബെഞ്ചിൽ; ന്യൂഡൽഹിയിലെ ആ ബെഞ്ചുകളിലുണ്ട് ആശിഷ് യച്ചൂരിയുടെ സാന്നിധ്യം
Mail This Article
‘ഇതാ നീയിന്നിവിടെ,
വീടിനന്യനായല്ലോ
ഇവിടെയുമന്യനായ്
തികച്ചുമെവിടെയും
ഇല്ലാത്ത പോലെ ...’
ന്യൂഡൽഹിയിലെ നിസാമുദ്ദീനിൽ സുന്ദർ നഴ്സറിയിലുള്ള ചാരുബെഞ്ചുകളിലൊന്നിൽ കുറിച്ചുവച്ചിരിക്കുന്നത് ഉജെയിമോ ഉമെബീനിയോ എന്ന നൈജീരിയൻ കവിയുടെ വരികളാണ്; അവയോടു ചേർന്നിരിക്കുന്നത് സീതാറാം യച്ചൂരിയുടെ മകൻ ആശിഷ് യച്ചൂരിയുടെ ഓർമകളും. പടർന്നു പന്തലിച്ച ആൽമരത്തിനു ചുവട്ടിലെ മറ്റൊരു ബെഞ്ചിൽ പ്രിയപ്പെട്ട ബിക്കു (ആശിഷ് യെച്ചൂരി) എന്നതിനു താഴെ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘പ്രതീക്ഷകളുടെ നടുവിൽ നീ ഞങ്ങളെ തനിച്ചാക്കി കടന്നുപോയി, നിന്റെ ക്യാമറയിൽ പതിയേണ്ട ഋതുക്കളും നിമിഷങ്ങളും ഇനിയുമെത്രയോ ബാക്കിയാണ്.’
സുന്ദർ നഴ്സറിയിൽ പലയിടങ്ങളിലായി പച്ചനിറത്തിലുള്ള ഇത്തരം ബെഞ്ചുകൾ കാണാം. ആശിഷിന്റെ ഓർമയ്ക്കായി 2 ബെഞ്ചുകളാണ് ഇവിടെയുള്ളത്. വിട പറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ ‘ഡെഡിക്കേറ്റ് എ ബെഞ്ച്’ പദ്ധതിയുടെ ഭാഗമായുള്ളവ. ഒരുപാടുപേരുടെ ആത്മഗതങ്ങൾക്കും നെടുവീർപ്പുകൾക്കും സങ്കടങ്ങൾക്കും കൂട്ടിരിപ്പുകാരാണ് ഈ ബെഞ്ചുകൾ.
ഇന്ദ്രാണി മജുംദാറുമായുള്ള യച്ചൂരിയുടെ വിവാഹത്തിലെ മക്കളാണ് ആശിഷും വിദേശത്ത് ചരിത്രാധ്യാപികയായ ഡോ.അഖിലയും. യച്ചൂരി രണ്ടാമതു വിവാഹം ചെയ്തത് മാധ്യമപ്രവർത്തകയായ സീമ ചിഷ്തിയെയാണ്. സീമയ്ക്ക് ആദ്യ വിവാഹത്തിൽ ഡാനിഷ്് എന്ന മകനുണ്ട്.
ആശിഷിന്റെ വേർപാടിനു ശേഷം പ്രിയ സുഹൃത്തുക്കൾക്കു യച്ചൂരി സമ്മാനിച്ച ടേബിൾ കലണ്ടറിലുണ്ടായിരുന്നത് മകൻ ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാണ്. ആശിഷ് എടുത്ത 63 ചിത്രങ്ങളുടെ പ്രദർശനം ഭാര്യ സ്വാതി ചൗള ഡൽഹി ബിക്കാനിർ ഹൗസിലെ കലംകാർ ആർട് ഗാലറിയിൽ സംഘടിപ്പിച്ചിരുന്നു. 2022 ജൂൺ 9ന് പ്രദർശനം കാണാനെത്തിയ യച്ചൂരി വാക്കുകൾ ഇടറിയാണ് പ്രതികരിച്ചത്: ‘അവന്റെ അകാലവിയോഗത്തിൽ പറഞ്ഞറിയിക്കാനാകാത്ത ദുഃഖത്തിലൂടെയാണു കുടുംബം കടന്നുപോകുന്നത്. അവന്റെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിച്ച ചിത്രങ്ങളാണിത്’.
അച്ഛനും മകനും തമ്മിലുള്ള അടുപ്പം എത്രയുണ്ടായിരുന്നെന്നു ബോധ്യപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു അന്നു ഗാലറിയിൽ കണ്ടത്. ഓരോ ചിത്രങ്ങൾക്കു മുൻപിലും അദ്ദേഹം ഏറെനേരം നിന്നു. ചിലതിനു മുന്നിലെത്തിയപ്പോൾ നിറഞ്ഞൊഴുകിയ മിഴികൾ തുടച്ചു. സങ്കടം നിയന്ത്രിക്കാനാകാതെ വന്നപ്പോൾ കുറച്ചുനേരം ഗാലറിയിൽ തനിക്കു തനിച്ചു നിൽക്കണമെന്ന് യച്ചൂരി ഒപ്പമുണ്ടായിരുന്നവരോടു പറഞ്ഞു. ശേഷം ഒരച്ഛൻ മകനോട് പറയാൻ ബാക്കി വച്ചതിനു മുഴുവൻ കലംകാർ ആർട്ട് ഗാലറിയിലെ ചുമരുകളും ആശിഷ് പകർത്തിയ ചിത്രങ്ങളും സാക്ഷികളായി.