ADVERTISEMENT

ന്യൂഡൽഹി ∙ പാർട്ടിയുടെ പ്രത്യയശാസ്ത്ര വ്യാഖ്യാതാവായി തന്നെ വളർത്തിയെടുത്ത നേതാക്കളെക്കുറിച്ചു പറയുമ്പോൾ സീതാറാം യച്ചൂരി ഓർത്തിരുന്നത് 2 പേരുകളാണ്: ഇഎംഎസ്, എം.ബസവ പുന്നയ്യ. 1987 ലെ മോസ്കോ അനുഭവവും പാർട്ടിയുടെ 14–ാം കോൺഗ്രസും പ്രധാന കാരണങ്ങളായി പറഞ്ഞു.

1987 ൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യേക കോൺഗ്രസിൽ ഇഎംഎസിനൊപ്പം പങ്കെടുത്തത് യച്ചൂരിയാണ്. മിഹയിൽ ഗൊർബച്ചോവിന്റെ പ്രസംഗത്തിന്റെ പരിഭാഷയുടെ പകർപ്പ് വായിച്ചശേഷം ഇഎംഎസ്, യച്ചൂരിയോടു പറഞ്ഞു: തീസിസിൽ കാര്യമായ പ്രശ്നങ്ങളുണ്ടല്ലോ. ഉണ്ടെന്ന് യച്ചൂരിക്കും തോന്നി. 

തുടർന്ന്, ഹർകിഷൻ സിങ് സുർജിത്തിനെ ഫോണിൽ വിളിച്ച് ചർച്ച. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടിനോടുള്ള എതിർപ്പ് വ്യക്തമാക്കണമെന്ന് ചർച്ചയിൽ തീരുമാനമുണ്ടായി. സോവിയറ്റ് പാർട്ടിയെ വിയോജിപ്പ് അറിയിച്ചപ്പോൾ അവർ പറഞ്ഞു: നമുക്ക് ചർച്ച ചെയ്യാം, പിന്നീട്. അതനുസരിച്ച് ചർച്ചയുണ്ടായെങ്കിലും തർക്കം പരിഹരിച്ചില്ല. തുടർന്നാണ്, 2 പാർട്ടികളും തമ്മിലുള്ള ആശയ ഭിന്നതയെക്കുറിച്ച് 1988 മേയിൽ സിപിഎം കേന്ദ്ര കമ്മിറ്റി പ്രമേയം പാസാക്കുന്നത്. 

സോഷ്യലിസത്തിന് സോവിയറ്റ് യൂണിയനിലുണ്ടായ തകർച്ചയുടെ കാരണങ്ങൾ 14ാം പാർട്ടി കോൺഗ്രസ് വിശദമായി ചർച്ച ചെയ്തു. പാർട്ടി കോൺഗ്രസിനുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലാണ് ബസവപുന്നയ്യ, യച്ചൂരിയെ അടുത്തുവിളിച്ചു പറയുന്നത്, പ്രത്യയശാസ്ത്ര പ്രമേയത്തിന്റെ കരട് അവതരിപ്പിക്കണമെന്ന്.

‘അങ്ങുള്ളപ്പോൾ, ഞാനെങ്ങനെ?’ എന്നു മറുചോദ്യം. പ്രമേയത്തിന്റെ പ്രധാന ഭാഗങ്ങൾ യച്ചൂരിയാണല്ലോ തയാറാക്കിയതെന്ന് ബസവപുന്നയ്യ. 13 തിരുത്തലുകളുണ്ടായെന്ന് യച്ചൂരി. തർക്കം അവസാനിപ്പിച്ച് ബസവപുന്നയ്യ പറഞ്ഞു: ‘ഞാൻ ജീവിച്ചിരിക്കുന്നു എന്നതുകൊണ്ടുതന്നെയാണ് താങ്കൾ അവതരിപ്പിക്കണമെന്നു ഞങ്ങൾ‍ തീരുമാനിച്ചത്. അവതരിപ്പിക്കുമ്പോൾ ഞാൻ അടുത്തുണ്ടാവും. എന്തെങ്കിലും തെറ്റുണ്ടെന്നു തോന്നിയാൽ തിരുത്തും. നിങ്ങൾക്കൊക്കെ ആത്മവിശ്വാസം പകരാനുള്ള ഏക മാർഗം ഇതാണ്.’ തുടർന്നിങ്ങോട്ട് പല തവണ യച്ചൂരി രേഖകൾ അവതരിപ്പിച്ചു; ബദൽ രേഖകളും.

2018 ൽ തന്റെ നിലപാട് തള്ളപ്പെടുന്ന സ്ഥിതിയിൽ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ താൽപര്യപ്പെട്ടു. അടിയന്തരാവസ്ഥയെ ചെറുക്കാൻ‍ ജനസംഘവുമായി സഹകരിക്കണമെന്ന പൊളിറ്റ് ബ്യൂറോയുടെ നിലപാടിനോടുള്ള എതിർപ്പാണ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതിനുള്ള കാരണങ്ങളിൽ‍ ഒന്നാമത്തേതായി 1975 ൽ സുന്ദരയ്യ പറഞ്ഞത്. കോൺഗ്രസുമായി സഹകരിക്കുന്നതിനുള്ള വാദങ്ങൾ കേന്ദ്ര കമ്മിറ്റി തള്ളിയതായിരുന്നു രാജിക്കു തയാറെന്ന് യച്ചൂരി പറയാൻ കാരണം.

English Summary:

Sitaram Yechury's mentors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com