ADVERTISEMENT

ന്യൂഡൽഹി ∙ സർക്കാരിന്റെ നയങ്ങളെ എതിർക്കുമ്പോൾത്തന്നെ ഭരണനടത്തിപ്പിനു പ്രശ്നമുണ്ടാക്കാതിരിക്കുക–കോൺഗ്രസിനോട് സീതാറാം യച്ചൂരിയുടെ സമീപനം പലപ്പോഴും ഇതായിരുന്നു. രാഷ്ട്രീയ നീക്കുപോക്കുകളിൽ അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ഹർകിഷൻ സിങ് സുർജിത്തിന്റെ നയം തന്നെ. എൺപതുകളിലെ പഞ്ചാബ് പ്രക്ഷോഭകാലത്ത് ഇന്ദിരാഗാന്ധിയുടെ സർക്കാരിനോടു സ്വീകരിച്ച നയം.

അടിയന്തരാവസ്ഥക്കാലത്ത് ഉയർന്ന ഏകാധിപത്യപ്രവണതയുടെ പേരിലും നരസിംഹ റാവുവിന്റെ കാലത്തെ ഉദാരവൽക്കരണ നയങ്ങളുടെ പേരിലും യച്ചൂരി കോൺഗ്രസിനെ എതിർത്തു. എന്നാൽ, കോൺഗ്രസിനെ മതനിരപേക്ഷ രാഷ്ട്രീയചേരിയുടെ നേതൃസ്ഥാനത്തു പ്രതിഷ്ഠിക്കാൻ അദ്ദേഹം തയാറായി. ഇക്കാര്യത്തിൽ പ്രകാശ് കാരാട്ടിന്റെ ചിന്ത വ്യത്യസ്തമായിരുന്നു. ബിജെപിയെ എതിർക്കാൻ, കോൺഗ്രസില്ലാത്ത മൂന്നാം മുന്നണിയിലായിരുന്നു അദ്ദേഹത്തിനു താൽപര്യം. എങ്കിലും, കോൺഗ്രസിന്റെ ബാഹ്യപിന്തുണയോടെ 1996 ൽ ജ്യോതി ബസുവിന്റെ നേതൃത്വത്തിൽ ഐക്യമുന്നണി സർക്കാരുണ്ടാക്കുന്നതിനെ സുർജിത്തും ബസുവും പിന്തുണച്ചപ്പോൾ കാരാട്ടും യച്ചൂരിയും എതിർത്തു.

1996–98 ൽ ഐക്യമുന്നണി സർക്കാരുകളുടെ കാലത്ത് സുർജിത്തിന്റെ സഹായിയായി നടന്ന് മറ്റു മതനിരപേക്ഷ കക്ഷിനേതാക്കളുമായി വ്യക്തിപരമായ അടുപ്പം സ്ഥാപിച്ചത് ഭരണകൂടങ്ങളുമായും ഭരണത്തിലുള്ളവരുമായും സഹകരണമനോഭാവം ഉണ്ടാക്കിയെടുക്കാൻ യച്ചൂരിയെ സഹായിച്ചു. മുന്നണിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗങ്ങളിൽ പലപ്പോഴും സുർജിത്തിനൊപ്പവും ഇടയ്ക്ക് അദ്ദേഹത്തിനു പകരമായും യച്ചൂരി പങ്കെടുത്തിരുന്നു. 

കോൺഗ്രസ് നേതൃത്വവുമായി സുർജിത് സ്ഥാപിച്ച ബന്ധം, സോണിയ ഗാന്ധിയുടെ കാലത്തും രാഹുലിന്റെ കാലത്തും യച്ചൂരി തുടർന്നു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് യുപിഎ– ഇടത് ഏകോപന സമിതി യോഗങ്ങളിലൂടെ ഈ ബന്ധങ്ങൾ മെച്ചപ്പെട്ടു. വിവരാവകാശനിയമം, തൊഴിലുറപ്പു പദ്ധതി തുടങ്ങി ഒന്നാം യുപിഎ സർക്കാരിന്റെ പല പുരോഗമന നടപടികൾക്കും ഇതു പ്രചോദനമായതായി പറയപ്പെടുന്നു.

2007–09 കാലത്ത് യുഎസുമായുള്ള മൻമോഹൻ സിങ് സർക്കാരിന്റെ ആണവ ഉടമ്പടിയെ ഇടതുപക്ഷം എതിർത്തപ്പോഴും, രണ്ടാം യുപിഎ കാലത്തുയർന്ന 2ജി സംബന്ധിച്ച് ആരോപണങ്ങൾ ഉയർത്തിയപ്പോഴും യച്ചൂരിയുടെ വ്യക്തിബന്ധങ്ങൾ പൊതുവേ ഊഷ്മളമായി തുടർന്നു. അനൗപചാരിക കൂടിക്കാഴ്ചകളിൽ രാഹുൽ പലപ്പോഴും ‘ബോസ്’ എന്നാണു വിളിച്ചിരുന്നത്. കഴിഞ്ഞമാസം സുഖമില്ലാതെ ആശുപത്രിയിലേക്കു പോയതും സോണിയയുടെ വസതിയിൽനിന്നായിരുന്നു.

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് പാർലമെന്റിൽ കോൺഗ്രസിന്റെ നേതൃനിര ദുർബലമായപ്പോൾ, പ്രതിപക്ഷാഭിപ്രായങ്ങൾ സഭയിൽ ഏറെയും ഉയർന്നുകേട്ടത് യച്ചൂരിയുടെ പ്രസംഗങ്ങളിലൂടെയായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പുകാലത്ത് ബിജെപിവിരുദ്ധ മുന്നണിയുടെ നായകത്വം കോൺഗ്രസിനു നൽകാൻ യച്ചൂരി തയാറായിരുന്നു. പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പുണ്ടായി.

തിരഞ്ഞെടുപ്പിനു ശേഷം സഖ്യമുണ്ടാക്കുകയെന്ന അക്കാലത്തെ നയം ഒടുവിൽ 2023 ൽ ഉപേക്ഷിച്ച്, ഇന്ത്യാസഖ്യ രൂപീകരണത്തിന് അദ്ദേഹം മുൻനിരയിൽനിന്നു. 1977–79 കാലത്തെ ജനതാ ഭരണകാലത്തും 1989–91 കാലത്തെ ജനതാദൾ നേതൃത്വത്തിലുള്ള മുന്നണിഭരണകാലത്തും കോൺഗ്രസിനെതിരെ ബിജെപിയോടു സഹകരിക്കേണ്ടിവന്ന സിപിഎമ്മിൽ, ബിജെപി–ആർഎസ്എസിനോട് വിരോധവും കോൺഗ്രസിനോട് മൃദുസമീപനവും ഉണ്ടാക്കിയെടുത്തതിൽ യച്ചൂരിക്ക് വലിയൊരു പങ്കുണ്ടെന്ന് പറയാം.

English Summary:

Sitaram Yechury valued Congress even when opposing it politically

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT