നവജാത ശിശു മരിച്ചു, അമ്മയ്ക്ക് പരുക്ക്: മണിപ്പുരിൽ വീണ്ടും സംഘർഷം
Mail This Article
ഇംഫാൽ ∙ നവജാത ശിശു മരിക്കുകയും മാതാവു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതോടെ മണിപ്പുരിൽ വീണ്ടും സംഘർഷാവസ്ഥ. കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തിയതു വികാരനിർഭരമായ നിമിഷങ്ങൾ സൃഷ്ടിച്ചു.
-
Also Read
പോക്സോ കേസ് നൽകിയതിന് ഊരുവിലക്ക്
കാക്വയിൽ വിദ്യാർഥി പ്രക്ഷോഭം നേരിടുന്നതിനു പൊലീസ് ഉപയോഗിച്ച കണ്ണീർവാതക ഷെല്ല് വീട്ടിനുള്ളിൽ വീണാണു പൂർണഗർഭിണിയായ ലെയ്ഷ്റാം സഞ്ജിത ദേവിക്കു (34) പരുക്കേറ്റത്. കണ്ണീർവാതകം ശ്വസിച്ച യുവതി അബോധാവസ്ഥയിലായി. കുഞ്ഞിനെ പുറത്തെടുക്കും മുൻപ് മരിച്ചു. ഗുരുതരാവസ്ഥയിലായ യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നത്.
തുടർന്നു കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കൾ സിങ്ജാമെയ് പൊലീസ് സ്റ്റേഷനിൽ എത്തി. പൊലീസ് നടപടിയിലാണു കുഞ്ഞു മരിച്ചതെന്നും അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദീകരണം വേണമെന്നും ആവശ്യപ്പെട്ടു. കർഫ്യൂവിൽ ഇളവു നൽകിയ സാഹചര്യത്തിൽ നൂറുകണക്കിനാളുകൾ സ്റ്റേഷനിൽ എത്തിയതോടെ സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് കർഫ്യൂ ഇളവ് പിൻവലിച്ചു. ഇന്നു മുതൽ സമ്പൂർണ കർഫ്യൂവായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. പൊതുജനങ്ങൾക്കു വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിനു നിയന്ത്രണമുണ്ട്.
തുടർച്ചയായുള്ള കർഫ്യൂവിലും ഇന്റർനെറ്റ് നിയന്ത്രണത്തിലും ഇംഫാൽ താഴ്‍വരയിലെ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. ശനിയാഴ്ച കർഫ്യൂവിന് ഇളവ് നൽകിയതോടെ എടിഎമ്മുകളുടെ മുൻപിൽ വൻ ക്യൂവാണ് രൂപപ്പെട്ടത്. അവശ്യസാധനങ്ങൾക്കായി ജനങ്ങൾ പുറത്തിറങ്ങിയതോടെ മാർക്കറ്റുകളിൽ തിരക്കുണ്ടായി. മെയ്തെയ്-കുക്കി കലാപം വീണ്ടും ആളിക്കത്തിയ സംസ്ഥാനത്ത് ഈ മാസം മാത്രം 12 പേർ കൊല്ലപ്പെട്ടു. അതിർത്തിയിലും സംഘർഷാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്.