സെൻസസ് ഉടൻ; ജാതി കോളം ഉൾപ്പെടുത്തുന്നതിൽ തീരുമാനമായില്ല
Mail This Article
ന്യൂഡൽഹി ∙ സെൻസസിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. 10 വർഷത്തിലൊരിക്കൽ നടത്തുന്ന സെൻസസ് അവസാനമായി നടന്നത് 2011ലാണ്. 2021ലാണ് അടുത്ത സെൻസസ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് മൂലം വൈകി. ഇതുവരെയും സെൻസസ് നടത്തുന്ന കാര്യത്തിൽ വിജ്ഞാപനമുണ്ടായിട്ടില്ല.
സെൻസസിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ജാതി സംബന്ധിച്ച കോളം ഫോമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് സർക്കാർവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ജാതി സെൻസസ് സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഏതാനും ആഴ്ച മുൻപ് പറഞ്ഞത്.
സെൻസസ് വൈകുന്നത് ചോദ്യം ചെയ്തതിന്റെ പേരിൽ, സർക്കാരിനു കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്സ് സ്ഥിരം സമിതി പിരിച്ചുവിട്ടത് വിവാദമായിരുന്നു.
ഒറ്റത്തിരഞ്ഞെടുപ്പ് : നീക്കം വീണ്ടും സജീവം
ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് എന്ന നരേന്ദ്ര മോദി സർക്കാരിന്റെ പ്രഖ്യാപിത നയം ഈ സർക്കാരിന്റെ കാലത്തു തന്നെ നടപ്പാക്കുമെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതർ അറിയിച്ചു.
രാജ്യത്ത് പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താനുള്ള ശുപാർശ മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതി മാർച്ചിൽ രാഷ്ട്രപതിക്കു നൽകിയിരുന്നു. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തിരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തിരഞ്ഞെടുപ്പും നടത്താനാണു നിർദേശം.
ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത ത്രിശങ്കുസഭ വരികയോ അവിശ്വാസ പ്രമേയത്തിലൂടെ സർക്കാർ പുറത്താകുകയോ ചെയ്താൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനാണു ശുപാർശ